ഒത്തുകളി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് യു.എസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2025 നവംബറില്‍ നടന്ന അബുദാബി T10 ലീഗില്‍ മത്സരക്രമക്കേടുകള്ക്ക് ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ ട്രൈബ്യൂണലിന്റെ കടുത്ത നടപടി. താരത്തെ താത്കാലികമായി സസ്പെന്‍ഡ് ചെയ്ത 2025 നവംബര്‍ 21 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഐ.സി.സി അറിയിച്ചു.
26-കാരനായ അഖിലേഷ് റെഡ്ഡി മൂന്ന് പ്രധാന അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായി ഐ.സി.സി അന്വേഷണത്തില്‍ കണ്ടെത്തി. അബുദാബി T10 മത്സരങ്ങളില്‍ അനധികൃതമായി സ്വാധീനം ചെലുത്താനും ഒത്തുകളിക്കാനും ശ്രമിച്ചുവെന്നാണ് പ്രധാനകുറ്റം. അനധികൃത കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാന്‍ മറ്റൊരു കളിക്കാരനെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെക്കാനായി സ്വന്തം മൊബൈല്‍ ഫോണിലെ ഡാറ്റയും സന്ദേശങ്ങളും പൂര്‍ണ്ണമായി ഡിലീറ്റ് ചെയ്ത് അന്വേഷണം തടസ്സപ്പെടുത്തിയതായും പറയുന്നു.
ഹൈദരാബാദില്‍ ജനിച്ച അഖിലേഷ് റെഡ്ഡി പിന്നീട് യു.എസിലേക്ക് മാറുകയും യു.എസ് ദേശീയ ടീമിനായി 4 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. അബുദാബി T10 ലീഗില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി ഐ.സി.സിയാണ് അഴിമതി വിരുദ്ധ നിരീക്ഷണ ചുമതല വഹിച്ചിരുന്നത്. താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിചാരണയില്‍ തെളിഞ്ഞതോടെയാണ് 8 വര്‍ഷത്തേക്ക് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും ഐ.സി.സി ഇദ്ദേഹത്തെ വിലക്കിയത്. എട്ടു വര്‍ഷത്തെ കടുത്ത വിലക്ക് നേരിടുന്നതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.
content highlights: Match-Fixing Case: Indian-Origin US Cricketer Banned for 8 Years