ടാന്‍സാനിയയിലെ ആദ്യ ഐസിസി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം ജയ് ഷാ ഉദ്ഘാടനം ചെയ്തു

2001 മുതല്‍ ഐസിസിയുടെ അസോസിയേറ്റ് അംഗമാണ് ടാന്‍സാനിയ

ടാന്‍സാനിയയിലെ ആദ്യ ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയമായ 'ടാന്‍സാനിയ ക്രിക്കറ്റ് അരീന' ഐസിസി ചെയര്‍മാന്‍ ജയ് ഷാ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ടാന്‍സാനിയയിലും ആഫ്രിക്കയിലാകമാനവും ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലായാണ് ഈ അരീനയുടെ ഉദ്ഘാടനം വിലയിരുത്തപ്പെടുന്നത്.

ചരിത്രപരമായ ഈ നേട്ടത്തില്‍ 'ക്രിക്കറ്റ് ടാന്‍സാനിയ'യെ അഭിനന്ദിച്ച ഷാ, രാജ്യത്ത് ലോകോത്തര ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായിച്ച കൂട്ടായ പരിശ്രമങ്ങളെ പ്രശംസിച്ചു. 'ടാന്‍സാനിയ ക്രിക്കറ്റ് അരീനയുടെ ഉദ്ഘാടനത്തില്‍ ക്രിക്കറ്റ് ടാന്‍സാനിയയ്ക്ക് അഭിനന്ദനങ്ങള്‍. ടാന്‍സാനിയയിലെയും ആഫ്രിക്കയിലാകമാനമുള്ളതുമായ ക്രിക്കറ്റിന് ഇത് ഒരു ചരിത്ര നിമിഷമാണ്. രാജ്യത്തെ ആദ്യത്തെ ഐസിസി അംഗീകൃത ക്രിക്കറ്റ് അരീനയായ ഈ മികച്ച പുതിയ സൗകര്യം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ടാന്‍സാനിയയില്‍ കായികരംഗത്തെ വളര്‍ത്തുന്നതില്‍ പങ്കാളികളായ എല്ലാവരുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് ഈ വേദി,' -ജയ് ഷാ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2001 മുതല്‍ ഐസിസിയുടെ അസോസിയേറ്റ് അംഗമാണ് ടാന്‍സാനിയ. കൂടാതെ ടി20ഐ പദവിയുമുണ്ട്. ഐസിസിയില്‍ വോട്ടവകാശമുള്ള 40 അസോസിയേറ്റ് അംഗങ്ങളില്‍ ഒന്നാണ് ടാന്‍സാനിയ.

content highlights: Jay Shah Inaugurates Tanzania’s First ICC-Approved Cricket Stadium

To advertise here,contact us