പാണ്ഡ്യയില്‍ വീണ്ടും ട്വിസ്റ്റ്; സി.എസ്.കെയുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുംബൈ ഇന്ത്യന്‍സ്

താരത്തെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുള്‍പ്പടെ രംഗത്തെത്തിയിരുന്നു

ഐ.പി.എല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയേക്കുമെന്നും, പകരം സി.എസ്.കെയില്‍ നിന്ന് പ്രമുഖ കളിക്കാരെ മുംബൈക്ക് നല്‍കുമെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ നിര്‍ണായക ഭാഗമാണെന്നും മറ്റ് ക്ലബ്ബുകളുമായി യാതൊരുവിധ ട്രേഡ് ചര്‍ച്ചകളും നടത്തുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തിയ ഹാര്‍ദിക്, രോഹിത് ശര്‍മയ്ക്ക് പകരമായി ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് സി.എസ്.കെയിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. മുംബൈ ഇന്ത്യന്‍സിന്റെ ഈ പുതിയ വെളിപ്പെടുത്തലോടെ ഹാര്‍ദിക്കിന്റെ ട്രേഡിംഗുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമായി.

അതേസമയം, പരിക്കില്‍നിന്ന് മുക്തനായി വരുന്ന ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞദിവസം തിരുപ്പതി സന്ദര്‍ശിച്ചു. ഞായറാഴ്ച തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ പാണ്ഡ്യ, തല പൂര്‍ണമായി മൊട്ടയടിച്ചു. കാമുകി മഹിയിക ശര്‍മയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരമ്പരാഗത വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പാണ്ഡ്യയും മഹിയികയും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പാണ്ഡ്യയുടെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ഏറെ കൗതുകമുണര്‍ത്തി. താരത്തിന്റെ ക്ഷേത്രസന്ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്ത് ലക്ഷ്യമിട്ടാണ് മൊട്ടയടിച്ചതെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു.

പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ശ്രമിക്കുന്ന പാണ്ഡ്യയുടെ കരിയറിലെ സുപ്രധാന സമയത്താണ് ക്ഷേത്രസന്ദര്‍ശനവും തലമുണ്ഡനവും. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണിന് ശേഷം പരിക്കിനെ തുടര്‍ന്ന് അദ്ദേഹം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തുടക്കത്തില്‍ പുറംവേദനയും പിന്നീട് തുടയ്ക്ക് പരിക്കേറ്റതുമാണ് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനെതിരായ മത്സരം, ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകള്‍, സിംബാബ്വെക്കെതിരായ പരമ്പര എന്നിവയും പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു.

content highlights: Twist in Pandya Saga: Mumbai Indians Deny Talks with CSK

To advertise here,contact us