2022 ശേഷം ഇന്ത്യൻ കുപ്പായത്തിലേക്കുള്ള ഒരു തിരിച്ചുവരവിന് ഭുവനേശ്വര്‍ കുമാറിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം തന്നെ പ്രതികരണം നടത്തിയിരിക്കുകയാണ്. തിരിച്ചുവരവ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു കാര്യം അല്ലെന്നും ഇന്ത്യൻ ടീമിന് പുറത്തുള്ള ജീവിതവുമായി താൻ പൊരുത്തപ്പെട്ടു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ ഈ തുറന്ന് പറച്ചിൽ.
'ക്രിക്കറ്റിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഞാൻ ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നത്. മുൻപ് ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ തന്റെ കരിയറിൽ ഇനി നേടേണ്ട ഒന്നായി അത് തോന്നുന്നില്ല. ഇനിയും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചാൽ അത് വലിയൊരു കാര്യം തന്നെയാണ്', ഭുവി വ്യക്തമാക്കി. വീടിനുള്ളിൽ ഒരിക്കലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ, എന്തുകൊണ്ട് ഇന്ത്യൻ ടീം ഇടം ലഭിക്കുന്നില്ല എന്നൊക്കെ ചർച്ച ചെയ്യാറില്ലെന്നും തന്നെ ഏറെ സമാധാനത്തോടെ ഇങ്ങനെ മുന്നോട്ട് പോകുന്നതിനുള്ള എല്ലാ ക്രെഡിറ്റും കുടുംബത്തിന് നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബെഗളൂരു ടീമിലെ അംഗമായിരുന്നു ഭുവി. ആർസിബിക്കായി 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയിരുന്നത്.
Content highlight: Comeback not important adapted to life outside Bhuvneshwar Kumar