പരിക്കിൽ നിന്നും പൂർണമായി മുക്തനായി ഫിറ്റ്നെസ് വീണ്ടെടുത്ത് ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് തയ്യാറാകുന്ന ഇന്ത്യൻ ടീമിന് ഇത് സന്തോഷ വാർത്തയാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം, ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോര്‍ഡ്സില്‍ നടന്ന മൂന്നാം ഏകദിനമാണ് താരത്തിന് പരിക്കേമൂലം നഷ്ടമായത്. തുടര്‍ന്ന് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകുക എന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങള്‍ അത്യന്താപേക്ഷിതമാണ്. നിലവില്‍ ശേഷിക്കുന്ന ഒന്‍പത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന രവീന്ദ്ര ജുഡേജയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് പേസ് നിരയിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23-ന് കൊളംബോയില്‍ നടക്കും.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, യശസ്വി ജൈസ്വാള്‍, റിഷഭ് പന്ത്, സായ് സുദര്ശന്, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സരന്‍ഷ് ജെയ്ന്‍.
Content highlights:jasprit bumrah fully fit ahead of sri lanka test series