സച്ചിന് 16 വയസ്; വൈഭവിന് 15 വയസ്; 37 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഇതിഹാസ പിറവി

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ അത് സംഭവിച്ചിരിക്കുന്നു.

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ അത് സംഭവിച്ചിരിക്കുന്നു. 15 വയസ്സും 3 മാസവും 7 ദിവസവുമുള്ളപ്പോൾ ബിഹാറിലെ സമസ്തിപുരിയില്‍ നിന്നുള്ള കൗമാര വിസ്മയം വൈഭവ് സൂര്യവംശി ശനിയാഴ്ച തന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ത്തു.

ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ നേട്ടം താരം സ്വന്തമാക്കി. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ച മറ്റൊരു വിസ്മയം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ് അണിഞ്ഞ് ചരിത്രമെഴുതിയ ആ നിമിഷം പുതിയ വിസ്മയത്തിനു വഴിമാറി കൊടുത്തു. 1989 നവംബര്‍ 15ന് തന്റെ 16ാം വസിലാണ് സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറിയത്. വൈഭവ് 15ാം വയസിലും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ ഇടം കൈയന്‍ ഓപണറുടെ അരങ്ങേറ്റത്തിനായി ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തിലക് വര്‍മയാണ് വൈഭവിന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്. തുടര്‍ന്ന് സഹതാരങ്ങള്‍ വണ്ടര്‍ കിഡിനെ കെട്ടിപ്പിടിച്ച് ടീമിലേക്ക് വരവേറ്റു.

മുമ്പും കൗമാരക്കാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്രയും ചെറിയ പ്രായത്തിലും ഇത്രയേറെ ആരാധകരെ ആവേശം കൊള്ളിച്ച് ഒരു താരം വരുന്നത് ഇതാദ്യമാണ്. ആദ്യ മത്സരത്തിൽ വലിയ സ്കോറിലേക്ക് എത്താനായില്ലെങ്കിലും വരും ദിനം താരം തകർക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Content highlight: vaibhav suryavanshi cricket record sachintendulkar

To advertise here,contact us