ഇംഗ്ലണ്ടിനെതിരെ വൈഭവ് അരങ്ങേറുമോ?; മറുപടിയുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യർ

ഇന്ന് മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ ആകാംക്ഷ കൗമാരതാരം വൈഭവ് സൂര്യവംശി കളിക്കുമോ എന്നുള്ളതിലാണ്. എന്നാല്‍ സൂര്യവംശി ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കാര്യമായൊന്നും സംസാരിച്ചില്ല.

ഇംഗ്ലണ്ട് പര്യടനത്തിനെതിരെ മുന്നോടിയായി അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ 34 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഒരു റണ്ണിനുമാണ് ഇന്ത്യ തോറ്റത്.

ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് ക്യാപ്റ്റന്‍ മറുപടി നല്‍കി.

ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ തികച്ചും സ്വകാര്യമാണെന്നും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങില്ലെന്നും ശ്രേയസ് വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍.

'ടീമിലുള്ള എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്ത് വന്നവരാണ്. ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങളെ പിന്തുണയ്ക്കുക എന്നത് പ്രധാനമാണ്. വൈഭവ് ഒരു പ്രതിഭയാണ്, തീര്‍ച്ചയായും അവസരം ലഭിക്കുമ്പോള്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്‍, ഞങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നത് തികച്ചും സ്വകാര്യമാണ്. എതിരാളികള്‍ക്ക് മുന്നില്‍ ഞങ്ങളുടെ പ്ലാനിംഗ് വെളിപ്പെടുത്താന്‍ കഴിയില്ല.' ശ്രേയസ് അയ്യര്‍ പറഞ്ഞു.

Content highlights: vaibhav suryavanshi debut england vs india

To advertise here,contact us