ഓസീസിനെ തോൽപ്പിച്ചാൽ മാത്രം പോര!; വനിതാ ലോകകപ്പിൽ സെമിയിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികൾ

ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാനും നെതർലൻഡ്സും ഇതിനകം പുറത്തായിക്കഴിഞ്ഞു.

വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ചിട്ടും ഇന്ത്യൻ ടീമിന്‍റെ സെമി ഫൈനൽ പ്രവേശം ഇപ്പോഴും തുലാസിൽ. ഇന്ന് ലോർഡ്സിൽ നടക്കുന്ന ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളാവും ഹർമൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും വിധി നിശ്ചയിക്കുക.

ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാനും നെതർലൻഡ്സും ഇതിനകം പുറത്തായിക്കഴിഞ്ഞു. ബംഗ്ലാദേശിന് സാങ്കേതികമായി മാത്രമാണ് സാധ്യത നിലനില്‍ക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് വമ്പന്മാർ തമ്മിലാണ് ഇപ്പോൾ സെമിയിലെ രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടം നടക്കുന്നത്.

നാല് മത്സരങ്ങളും ജയിച്ച് +4.724 നെറ്റ് റൺറേറ്റുള്ള ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ +2.268 നെറ്റ് റൺറേറ്റുമായി ഇന്ത്യ രണ്ടാമതാണ്. ഞായറാഴ്ച നടക്കുന്ന രണ്ട് നിർണായക മത്സരങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി സാധ്യതകൾ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ, ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും.

ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റാൽ, സെമിയിലെത്താൻ ഇന്ത്യക്ക് ബംഗ്ലാദേശിന്‍റെ സഹായം വേണ്ടിവരും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് തൊട്ടുമുമ്പ് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കണം. ബംഗ്ലാദേശ് ജയിച്ചാൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 6 പോയിന്റ് വീതമാകും. അങ്ങനെ വന്നാൽ മികച്ച നെറ്റ് റൺറേറ്റ് ഉള്ള ടീം ഓസ്‌ട്രേലിയയ്ക്കൊപ്പം സെമിയിലെത്തും.

നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ ഇന്ത്യയുടെ സെമി സാധ്യതകള്‍ തീര്‍ത്തും മങ്ങും. ഇന്ത്യ ഓസീസിനെ തോൽപ്പിക്കുകയും ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യ 8 പോയിന്‍റോടെ നേരിട്ട് സെമിയിലെത്തും. എന്നാൽ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തങ്ങളുടെ മത്സരങ്ങൾ ജയിച്ചാൽ ഇരുവർക്കും 8 പോയിന്‍റ് വീതമാകും.

ഇന്ത്യക്കും ദക്ഷിണാഫ്രിക്കകും ഒരേ പോയിന്‍റ് വന്നാൽ നെറ്റ് റണ്‍റേറ്റാകും സെമിയിലെത്തുന്ന ടീമിനെ തീരുമാനിക്കുക. നിലവില്‍ ഇന്ത്യക്ക് +2.268 നെറ്റ് റണ്‍റേറ്റുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +0.734 ആണ്. അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് വെറുതെ ജയിച്ചാല്‍ മാത്രം പോരാ, മികച്ച മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക നേരിയ ജയമാണ് നേടുന്നതെങ്കില്‍ ഇന്ത്യക്ക് ഓസീസിനെ വീഴ്ത്തിയാലും സെമിയിലെത്താനാവും.

content highlights: women t20 world cup india semifinal scenarios

To advertise here,contact us