വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പരാതി

ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും ചൊവ്വാഴ്ച പരാതി നല്‍കിയത്.

ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി യുവതി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്ന അഭിഷേക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ താരമാണ്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും ചൊവ്വാഴ്ച പരാതി നല്‍കിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി അഭിഷേകുമായി ബന്ധമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അഭിഷേക് വിവാഹ വാഗ്ദാനത്തിൽനിന്നു പിന്തിരിഞ്ഞെന്നാണു യുവതിയുടെ പരാതിയിലുള്ളത്.

അതേസമയം യുവതിയുടെ ആരോപണങ്ങളെല്ലാം അഭിഷേക് തള്ളിക്കളഞ്ഞു. സംഭവത്തിൽ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയുടെ ആരോപണങ്ങളെല്ലാം തെറ്റാണെന്നുമാണ് അഭിഷേകിന്റെ നിലപാട്. ‘‘ഞാനിപ്പോൾ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ‍ ഉയര്‍ന്നുവരുന്നത്. പൊലീസ് ചോദിക്കുമ്പോൾ എന്റെ നിലപാട് ഞാൻ പറഞ്ഞോളാം.

ഇതുവരെ പൊലീസ് എന്നോടു സംസാരിച്ചിട്ടില്ല.’’– അഭിഷേക് മാധ്യമങ്ങളോടു പറഞ്ഞു. 2023 മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായി അഭിഷേക് ഐപിഎൽ കളിക്കുന്നുണ്ട്.

content highlights:indian cricketer case registered sexual assault marriage promise

To advertise here,contact us