വൈഭവിനെ ഇറക്കാത്തത് എന്തുകൊണ്ട്?; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ബെൽഫാസ്റ്റിൽ അയര്‍ലന്‍ഡിനെതിരെ ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്.

അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വൈഭവ് ഇടംപിടിച്ചില്ല. ബെൽഫാസ്റ്റിൽ അയര്‍ലന്‍ഡിനെതിരെ ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്.

ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു. നിലവിൽ വനിതാ താരങ്ങളില്‍ ഷഫാലി വർമ്മയും (15 വയസ്സും 239 ദിവസവും), പുരുഷ താരങ്ങളില്‍ സച്ചിൻ ടെൻഡുക്കൽക്കറുമാണ് (16 വയസ്സും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍.

ടോസ് സമയത്ത് വൈഭവിന്‍റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് നിർഭാഗ്യവശാൽ വൈഭവ് ഇന്ന് കളിക്കുന്നില്ലെന്നായിരുന്നു. അവൻ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ഇതിനകം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ചില മികച്ച കളിക്കാർ നമുക്കൊപ്പമുണ്ട്. ഞങ്ങൾ അവർക്ക് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് വ്യക്തമാക്കി.

വൈഭവിന് അർഹിച്ച അവസരങ്ങൾ ലഭിക്കുമെന്നുറപ്പാണെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് അവസരം നൽകാൻ വേണ്ടി മാത്രം, നിലവിൽ റൺസ് അടിച്ചുകൂട്ടുന്ന ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. ഒരാൾക്ക് അവസരം നൽകുന്നതും മറ്റൊരാളോട് അനീതി കാണിക്കുന്നതും തമ്മിൽ നേർത്തൊരു അതിർവരമ്പുണ്ട്. നിലവിൽ ടീമിനായി റൺസ് നേടുകയും മത്സരങ്ങൾ ജയിപ്പിക്കുകയും ചെയ്യുന്നവരെ അവഗണിക്കാൻ കഴിയില്ലെന്നും കോട്ടക് പറഞ്ഞിരുന്നു.

Content highlights:why vaibhav sooryavanshi not playing india vs ireland 1st t20i

To advertise here,contact us