അയര്‍ലന്‍ഡിനെതരായ ആദ്യ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് നിരാശ. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു രണ്ടാം ഓവറില്‍ ഇന്ത്യൻ വംശജൻ ജയ് മൂന്ദ്രയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ആദ്യ ഓവറില്‍ ബൗണ്ടറി അടിച്ച് അക്കൗണ്ട് തുറന്ന സഞ്ജു നാലു പന്തില്‍ 5 റണ്‍സെടുത്ത് മൂന്ദ്രയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി.
അയര്‍ലന്‍ഡിനായി അരങ്ങേറ്റം കുറിച്ച 29-കാരനായ മൂന്ദ്ര രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം അവിസ്മരണീയമാക്കി.
അഭിഷേകിനെ വീഴ്ത്താൻ ആദ്യ ഓവറില്‍ സ്പിന്നറെ ആണ് അയര്‍ലന്‍ഡ് നിയോഗിച്ചത്. മാത്യ ഹംഫ്രൈസ് എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ഫോർ അടിച്ചപ്പോള്‍ അഭിഷേക് സിക്സും ഫോറും അടിച്ചു. ഇതോടെ ആദ്യ ഓവറില്‍ 16 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു.
എന്നാല്‍ രണ്ടാം ഓവര്‍ എറിയാനായി ഇടം കൈയന്‍ പേസര്‍ ജയ് മൂന്ദരയെത്തി. മൂന്ദ്രയുടെ ആദ്യ പന്തില്‍ തന്നെ കട്ട് ഷോട്ടിന് ശ്രമിച്ച സഞ്ജു ബൗള്‍ഡായി മടങ്ങി.
സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ രണ്ടാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാന്‍ ഇന്ത്യൻ ടീം മാനേജ്മെന്റിന് മേല്‍ സമ്മര്‍ദ്ദമേറും. മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതും വിക്കറ്റ് കീപ്പറായി ഇഷാന് കിഷന് ടീമിലുള്ളതും സഞ്ജുവിന്റെ സമ്മര്‍ദ്ദം കൂട്ടും.
എന്നാല്‍ സഞ്ജുവിനൊപ്പം ഇഷാന് കിഷനും അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെന്നത് ടീം മാനേജ്മെന്റിന് തലവേദനയാകും.
Content highlights:india-vs-ireland-1st-t20i-sanju-samson-dismissal