ഒടുവിൽ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീം ജേഴ്സി കൈമാറി ബിസിസിഐ. താരം ആദ്യമായി തനിക്ക് ലഭിച്ച സീനിയർ ടീം ജേഴ്സി ധരിക്കുന്ന വീഡിയോ ബിസിസിഐ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. ടീമിന്റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റായ രഘുവാണ് വൈഭവിന് മൂന്നാം നമ്പർ ഇന്ത്യൻ ജേഴ്സി കൈമാറിയത്. തന്റെ പതിനഞ്ചാം വയസിലാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. സീനിയർ ടീമിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഇവിടെ വരെ എത്തിച്ചത്. അതിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെക്ഷൻ കമ്മിറ്റി താരത്തെ ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - അയർലണ്ട് പര്യടങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തത്. ഇനി അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളത്.
വൈഭവിന് ഇന്ത്യൻ ജേഴ്സി ലഭിച്ചെങ്കിലും അയർലൻഡിനെതിരായ പ്ലേയിങ് ഇലവനിൽ ഇടം നേടുക എന്നത് അത്ര എളുപ്പമുള്ള കടമ്പയല്ല. ടീമിന്റെ ഓപ്പണിംഗ് സ്ഥാനം ലഭിക്കുന്നതിനായി ഇന്ത്യയുടെ വണ്ടർ കിഡിന് മലയാളി താരമായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുമായാണ് ഏറ്റുമുട്ടേണ്ടി വരുന്നത്.
Content highlight: Vaibhav Suryavanshi gets BCCI jersey for Indian senior team debut