'അവന്റെ കരിയർ ഡേഞ്ചർ സോണിൽ!'; ഹാർദിക്‌ പാണ്ഡ്യയെക്കുറിച്ച് മുഹമ്മദ് കൈഫ്

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്താണ്

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്താണ്. അതിന് പിന്നാലെ താരത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. പരിക്ക് വല്ലാതെ അലട്ടുന്ന താരം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ കളത്തിലിറങ്ങുമെന്ന് തനിക്ക് ഒരു ഉറപ്പും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും തരാനാകില്ല. ഹാർദിക്കിന്റെ ശരീരം പരിക്കുകൾക്ക് അത്രമാത്രം വഴങ്ങുന്നതാണ്. നിലവിലെ ഇന്ത്യൻ ടീം എടുത്ത് നോക്കുമ്പോൾ ഹാർദിക്കിനോളം പോന്ന മറ്റൊരു മാച്ച് വിന്നറായ ഓൾറൗണ്ടർ ഇല്ല. എന്നാൽ 2023 ൽ താരത്തിന് പറ്റിയ പരിക്കിന് ശേഷം ഫിറ്റ്നസ് പഴയതുപോലെ വീണ്ടെടുക്കാനായിട്ടില്ല. ഹാർദിക്കിന്റെ പരിക്കിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല', കൈഫ് പറഞ്ഞു. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആരാധകർക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം നടന്ന ഐപിഎൽ സീസണിൽ വച്ചായിരുന്നു പുറംവേദനയും പിന്നാലെ ഇടത് തുടയിൽ പേശി വലിവും താരത്തിന് അനുഭവപ്പെട്ടത്. തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു. വരുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും താരത്തെ സെക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടില്ല.

Content highlight: Mohammad Kaif comments on Hardik Pandya career and injury concerns

To advertise here,contact us