വീണ്ടും റാണ; സിറാജിന് അവഗണന; ഏകദിന ടീം സെലക്ഷനിൽ വിവാദം

ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലേക്ക് പേസ് ബൗളർ മുഹമ്മദ് സിറാജിനെ പരി​ഗണിക്കാത്തതിനെ ചോദ്യം ചെയ്ത് ആരാധകർ

ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലേക്ക് പേസ് ബൗളർ മുഹമ്മദ് സിറാജിനെ പരി​ഗണിക്കാത്തതിനെ ചോദ്യം ചെയ്ത് ആരാധകർ. ഈ മാസം ആദ്യം അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയുള്ള ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും താരത്തെ പരി​ഗണിച്ചിരുന്നില്ല. പിന്നാലെയാണ് ഏകദിന ടീമിലും ഇടം നൽകാതെ ഒഴിവാക്കിയത്.

ജോലിഭാരം ലഘൂകരിക്കുന്നതിന്റെ (വർക്ക് ലോഡ് മാനേജ്മെന്റ്) ഭാഗമായാണ് തീരുമാനമെന്ന് ടി20 ടീമിനെ പ്രഖ്യാപിച്ച വേളയിൽ ബിസിസിഐ പറഞ്ഞിരുന്നു. 'വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ പിൻവലിച്ചിരിക്കുന്നു'- ജൂൺ 9ന് പുറത്തിറക്കിയ മാധ്യമക്കുറിപ്പിൽ ബിസിസിഐ വ്യക്തമാക്കി.

'മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ, ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറാജിന് വിശ്രമം അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിന് മുന്നോടിയായി താരത്തിന് കൃത്യമായ വിശ്രമം ഉറപ്പാക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം'- എന്നായിരുന്നു ബിസിസിഐ വിശദീകരണം.

ഏകദിന ടീം പ്രഖ്യാപനത്തിൽ പക്ഷേ ഔദ്യോഗിക വിശദീകരണമൊന്നും ഇല്ലാത്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ താരത്തെ തഴ‍ഞ്ഞതിനെ ചോദ്യം ചെയ്തു. സിറാജിനെ ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.

Content highlights:

  • india-odi-squad-selection-siraj-dropped-harshit-rana-included
To advertise here,contact us