സൂര്യകുമാർ യാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്! പ്രവചനവുമായി റോബിൻ ഉത്തപ്പ

അടുത്തിടെ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യരിന് അതിന്റെ ചുമതല നൽകിയിരുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്‍റെ സൂപ്പർ താരം സൂര്യകുമാർ യാദവ് മുംബൈ വിട്ട് തന്‍റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങുമെന്നതാണ് ഉത്തപ്പ ഇപ്പോൾ നടത്തിയിരിക്കുന്ന ആ വമ്പൻ പ്രവചനം. കോംബോക്സ് ടിവി യുട്യൂബ് ചാനലിൽ സംസാരിക്കവെ ആയിരുന്നു ഉത്തപ്പയുടെ പ്രതികരണം.

'ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഇനി മുന്നിൽ അടഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെ, അവൻ തന്‍റെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടം കൊല്‍ക്കത്തയില്‍ കളിച്ച് അവസാനിപ്പിക്കാൻ തയ്യാറായേക്കും.' ഉത്തപ്പ പറഞ്ഞു. ഇന്ത്യയുടെ t20 ടീമിന്‍റെ മുൻ നായകൻ കൂടിയായിരുന്ന സൂര്യകുമാർ യാദവും നിലവിലെ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ആത്മബന്ധമാണ് ഈ നീക്കത്തിന് പിന്നിലെന്നും എല്ലാ അർത്ഥത്തിലും സൂര്യകുമാർ യാദവ് കൊൽക്കത്തയിലേക്ക് പോകാനാണ് സാധ്യതയെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

2014 മുതൽ 2017 വരെ ഗൗതം ഗംഭീറായിരുന്നു കൊൽക്കത്തയുടെ നായകൻ. അന്ന് സൂര്യകുമാർ യാദവും കൊല്‍ക്കത്തയില്‍ കളിച്ചിരുന്നു. അന്ന് ഫിനിഷറുടെ റോളിലായിരുന്നു സൂര്യ മത്സരങ്ങളിൽ തിളങ്ങിയിരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് സൂര്യകുമാർ യാദവ്. എന്നാൽ, താരത്തിന്റെ മോശം ഫോം കാരണം അടുത്തിടെ ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യരിന് അതിന്റെ ചുമതല നൽകിയിരുന്നു.

Content highlight: Robin Uthappa predicts Suryakumar Yadav's sensational switch to KKR

To advertise here,contact us