ബംഗ്ലാദേശിനോടേറ്റ ടെസ്റ്റ് തോല്‍വി; പാക് ടീമില്‍ അഴിച്ചുപണി, നായകനേയും കോച്ചിനേയും മാറ്റും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-2 ന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-2 ന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെയും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദിനെയും സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായാണ് വിവരം. മുന്‍ താരങ്ങളായ യൂനിസ് ഖാന്‍, മുഹമ്മദ് ഹഫീസ് എന്നിവരെ ടീമിന്റെ സുപ്രധാന പദവികളിലേക്ക് തിരികെ കൊണ്ടുവരാന്‍ പിസിബി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദിനെ മാറ്റി പകരം യൂനിസ് ഖാനെ നിയമിക്കാനാണ് ബോര്‍ഡിന്റെ നീക്കം. സര്‍ഫറാസിനെ ദേശീയ അണ്ടര്‍-19, എ ടീമുകളുടെ ചുമതലയിലേക്ക് തിരികെ വിടാനാണ് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ ഉപദേശകര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍, കര്‍ശനമായ നിബന്ധനകള്‍ വെക്കുന്ന യൂനിസ് ഖാനുമായി ധാരണയിലെത്തിയാല്‍ മാത്രമേ സര്‍ഫറാസിനെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് ഷാന്‍ മസൂദിനെ മാറ്റുന്ന കാര്യത്തിലും ബോര്‍ഡിനുള്ളില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ കൂടി ടീമിനെ നയിക്കാന്‍ തനിക്ക് സമയം വേണമെന്ന് മസൂദ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ താരം മുഹമ്മദ് ഹഫീസിനെ ചീഫ് സെലക്ടറായും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഡിപ്പാര്‍ട്ട്മെന്റ് തലവനായും നിയമിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, മാധ്യമങ്ങളിലൂടെ ബോര്‍ഡിനെയും ടീമിനെയും നിരന്തരം വിമര്‍ശിക്കുന്ന ഹഫീസിന് പദവി നല്‍കുന്നത് അദ്ദേഹത്തിന്റെ വായടപ്പിക്കാനാണെന്ന തെറ്റായ സന്ദേശം നല്‍കുമോ എന്ന ആശങ്കയും പിസിബി വൃത്തങ്ങള്‍ക്കുണ്ട്.

Content highlights: pakistan-cricket-team-overhaul-after-bangladesh-test-defeat-captain-coach-sacked

To advertise here,contact us