2001ൽ ഒരു മലയാളി; 25 വർഷത്തിന് ശേഷം ആ നേട്ടം ആവർത്തിച്ച് മാനവ് സുതർ; അരങ്ങേറ്റത്തിലെ അത്ഭുതം

ഇന്ത്യക്കായി ടെസ്റ്റിൽ സ്വപ്ന സമാന അരങ്ങേറ്റവുമായി സ്പിന്നർ മാനവ് സുതർ

ഇന്ത്യക്കായി ടെസ്റ്റിൽ സ്വപ്ന സമാന അരങ്ങേറ്റവുമായി സ്പിന്നർ മാനവ് സുതർ. ടെസ്റ്റിൽ അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ ഇന്ത്യൻ താരമായും മാനവ് ചരിത്രമെഴുതി. 25 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ബൗളർ ഇത്തരമൊരു നേട്ടത്തിലെത്തുന്നത്. 2001ൽ മലയാളി താരം ടിനു യോഹന്നാനാണ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ ബൗളർ.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ രണ്ടാം ദിനം ചായ കഴിഞ്ഞയുടൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പന്ത് ഇടം കൈയൻ സ്പിന്നർക്ക് കൈമാറിക്കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സ്പെല്ലിന് അവസരമൊരുക്കുകയായിരുന്നു. 23 കാരനായ ഈ യുവതാരം അധികം വൈകാതെ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂവും നൽകി. അഫ്​ഗാന് നഷ്ടമായ ആദ്യ വിക്കറ്റ് മാനവ് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ തന്റെ നാലാമത്തെ പന്തിൽ തന്നെ സുതർ ആദ്യ വിക്കറ്റ് നേടി.

ടെസ്റ്റ് കരിയറിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് നേടുന്ന എട്ടാമത്തെ മാത്രം ഇന്ത്യൻ ക്രിക്കറ്ററായി മാനവ് സുതാർ മാറി. ഏതാണ്ട് എട്ട് പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് നീളുന്ന ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റ് ഏഴ് പേരുകൾ മാത്രമുള്ള എലീറ്റ് പട്ടികയിലാണ് മാനവ് ഇടം പിടിച്ചത്. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും നേടി കളിയിലെ താരമാകാനും മാനവിന് സാധിച്ചു.

Content highlights:manav suthar repeats 25 year old historic cricket record of malayali player

To advertise here,contact us