ഇന്ന് ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം മാത്രമാണ്. പ്ലേ ഓഫ്! ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. തോല്‍വി പുറത്തേക്കുള്ള വാതില്‍ തുറക്കാനിടയുണ്ട് എന്നാണ് ആശങ്ക. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. ഇന്ന് ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷം, ഹൈദരാബാദിന് അടുത്ത മത്സരം ആര്‍സിബിക്കെതിരെയാണ്. ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിന് ശേഷം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അടുത്ത മത്സരം. രണ്ടും ജയിക്കുക വഴി മാത്രമേ പ്ലേ ഓഫ് സ്വപ്നം പൂവണിയൂ.
അവസാന മത്സരം തോറ്റാണ് ചെന്നൈ എത്തുന്നത്. ലഖ്നൗവിനോട് ഏഴുവിക്കറ്റിനാണ് ചെന്നൈ തോറ്റത്. ബാറ്റിങ്ങില്‍ കാര്‍ത്തിക് ശര്‍മയുടെ പ്രകടനമാണ് ടീമിന് കരുത്തേകിയിരുന്നത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. സഞ്ജു സാംസണ് 20 റണ്‍സും റുതുരാജ് ഗെയ്ക്വാദ് 13 റണ്‍സും ഉര്‍വില്‍ പട്ടേല്‍ ആറുറണ്‍സും മാത്രമാണ് എടുത്തത്. ബാറ്റര്‍മാരില്‍ മുന്‍നിര പരാജയപ്പെട്ടത് ചെന്നൈയ്ക്ക് വലിയ തലവേദനയായി. ബൗളിങ്ങിലും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. അവസാന മത്സരത്തില്‍ ഹൈദരാബാദിനും തോല്‍വിയായിരുന്നു ഫലം. ഗുജറാത്തിനെതിരെ 82 റണ്‍സിനാണ് തോറ്റത്.
അന്ന് ബാറ്റര്‍മാരെല്ലാം തകര്‍ന്നടിഞ്ഞിരുന്നു. ഇത് ഹൈദാരാബാദിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഇഷാന് കിഷനും ഹെന്റിച്ച് ക്ലാസനും ഉള്‍പ്പെടുന്ന സംഘത്തില്‍ പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുക. ബൗളിങ്ങില്‍ പാറ്റ് കമിന്‍സും ഇഷാന് മലിംഗയും സാകിബ് ഹുസൈനും ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷയേറ്റുന്നു.
content highlights: Playoffs Ahead; Chennai and Hyderabad Must Win, Thrilling Clash at Chepauk