ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കുകയാണ്. ഇതുവരെ പ്ലേ ഓഫിലേക്കെത്തിയത് ഒരേയൊരു ടീം മാത്രമാണ്. നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രം. മറ്റുള്ള മൂന്നു ടീമുകളെ കണ്ടെത്താനുള്ള മത്സരങ്ങളാണ് ഇനി. രണ്ടു ടീമുകള്‍ നേരത്തെത്തന്നെ പുറത്തായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും. എന്നാല്‍ അവസാന മത്സരങ്ങളില്‍ ഇരു ടീമുകളും ജയിക്കുന്നത് മറ്റു ടീമുകളുടെ സാധ്യതകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രാജസ്ഥാന് റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരവും വലിയ ആവേശമായി. മത്സരത്തില്‍ ജയത്തോടെ പ്ലേ ഓഫിലേക്കെത്താമെന്ന രാജസ്ഥാന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി തോല്‍വിയായിരുന്നു ഫലം. അഞ്ചുവിക്കറ്റിനാണ് രാജസ്ഥാന്റെ തോല്‍വി. ജയിച്ച ഡല്‍ഹിക്ക് നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. ഞങ്ങള്‍ പ്രതീക്ഷിച്ച മികച്ച പ്രകടനം നടത്തിയില്ലെന്ന് തോല്‍വിക്കുശേഷം രാജസ്ഥാന് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പറഞ്ഞു. മികച്ച പ്രകടനത്തോടെ 220-230 റണ്‍സ് എടുക്കാന്‍ ടീമിന് സാധിക്കുമായിരുന്നു. ബൗളിങ്ങിലും പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല. ഫീല്‍ഡിങ്ങിലും മോശം പ്രകടമായിരുന്നെന്നും റിയാന്‍ പരാഗ് സമ്മതിക്കുന്നു. പ്ലേ ഓഫിലേക്ക് എത്താനായില്ലെങ്കില്‍ ടീമിന്റെ പിഴവ് മാത്രമാണെന്നും റിയാന്‍ പരാഗ് പറഞ്ഞു.
ധ്രുവ് ജുറലും (53) റിയാന്‍ പരാഗും (51) നേടിയ അര്‍ധ സെഞ്ചുറിയും വൈഭവ് സൂര്യവംശിയുടെ (46) പ്രകടനവുമാണ് രാജസ്ഥാന് ബാറ്റിങ്ങില്‍ കരുത്തായത്. മറ്റുതാരങ്ങളെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. ബൗളിങ്ങിലും താരങ്ങള്‍ക്ക് തിളങ്ങാനായില്ല. നാലുപന്തുകള്‍ ശേഷിക്കെയാണ് ഡല്‍ഹി രാജസ്ഥാനെതിരെ ജയിച്ചത്. ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കുന്നതോടൊപ്പം മറ്റു ടീമുകളുടെ ഫലം കൂടി രാജസ്ഥാന് നോക്കേണ്ടിവരും. ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയവരാണ് രാജസ്ഥാന് പ്രധാന വെല്ലുവിളിയാകുക.
content highlights: A tough road ahead to the playoffs; Riyan Parag says team couldn't perform as expected, what are the chances?