ആകെ എറിഞ്ഞത് എട്ടുപന്തുകള്‍; വീണ്ടും പരിക്കേറ്റ് മതീഷ പതിരാന പുറത്ത്

ഗുജറാത്തിനെതിരായ മത്സരത്തിലാണ് മതീഷ പതിരാന കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ചത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്തയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. മിനി ലേലത്തില്‍ 18 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ശ്രീലങ്കന്‍ യുവ പേസര്‍ മതീഷ പതിരാന ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായി. ഈ സീസണില്‍ വലിയ പ്രതീക്ഷയോടെ ടീമിലെടുക്കകയും എന്നാല്‍ പരിക്ക് വില്ലനാവുകയുമായിരുന്നു. ഇതോടെ സീസണിലെ 12 മത്സരങ്ങളില്‍ അദ്ദേഹം പുറത്തിരുന്നു. ശനിയാഴ്ച രാത്രി ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയുള്ള മത്സരത്തിലാണ് ആദ്യമായി പന്തെറിയാന്‍ എത്തിയത്. ഫിന്‍ അലന് പകരം ഇംപാക്ട് താരമായാണ് അദ്ദേഹം എത്തിയത്. എന്നാല്‍ വെറും 8 പന്തുകള്‍ മാത്രം എറിഞ്ഞ് താരം കളം വിട്ടു. നേരത്തെ ടി20 ലോകകപ്പിനിടെ കാലിനേറ്റ പരിക്ക് കാരണം ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് താരം ഇന്ത്യയിലെത്തിയത്.

ഗുജറാത്തിനെതിരായ മത്സരത്തില്‍ പതിരാന കളിക്കാനിറങ്ങുമ്പോള്‍ ഗ്യാലറി ആവേശത്തിലായിരുന്നു. മത്സരത്തില്‍ തന്റെ ആദ്യ ഓവറിലെ ആറ് പന്തുകള്‍ എറിഞ്ഞപ്പോള്‍ തന്നെ പതിരാനയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് രണ്ട് പന്തുകള്‍ കൂടി എറിഞ്ഞെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പതിരാന മൈതാനം വിടുകയായിരുന്നു.

ശേഷിക്കുന്ന മത്സരങ്ങളില്‍ പതിരാന കളിക്കാന്‍ സാധ്യതയില്ല. ടീമിനൊപ്പം നേരത്തെത്തന്നെ ചേര്‍ന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ പരിക്ക് ഭേദപ്പെട്ടുവരികയാണെന്നും ഉടന്‍ കളിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് താരം കഴിഞ്ഞദിവസം കളിക്കാനിറങ്ങിയത്. പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് ഇനിയുള്ള മത്സരം നിര്‍ണായകമായിരിക്കെ പതിരാന പരിക്കേറ്റ് വീണ്ടും മടങ്ങുന്നത് ടീമിന് തിരിച്ചടിയായി.

content highlights: Bowled only eight balls; Matheesha Pathirana out again due to injury

To advertise here,contact us