ഐ പി എല്ലിൽ മിന്നും ഫോം തുടരുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. നിലവിൽ ടെസ്റ്റ്, ടി 20 ടീമുകളിൽ നിന്ന് വിരമിച്ചത് കൊണ്ട് തന്നെ ഏകദിനത്തിൽ മാത്രമാണ് വിരാട് ദേശീയ ടീമിനൊപ്പമുള്ളത്.
അതുകൊണ്ട് തന്നെ വിരാട് 2027 ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ 2027 ഏകദിന ലോകകപ്പിൽ കളിക്കുമോ എന്നതു സംബന്ധിച്ച ചോദ്യത്തിന് മറുപടിനൽകിയിരിക്കുകയാണ് സൂപ്പർ താരം വിരാട് . മറുപടി ഒരൽപ്പം ആശങ്കയുണ്ടാക്കുന്നതാണ്.
കഴിവും മൂല്യവും ഇനിയും തെളിയിക്കേണ്ടിവരുന്ന ഒരിടത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞു. ഇത്രയധികം സമർപ്പണത്തോടെ കളിച്ചിട്ടും തന്റെ സ്ഥാനം നിരന്തരം ന്യായീകരിക്കേണ്ട ആവശ്യം കാണുന്നില്ല. ക്രിക്കറ്റിനോടുള്ള തന്റെ അർപ്പണബോധത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ അച്ചടക്കവും തീവ്രതയും ഇന്നും നിലനിർത്തുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു. ടീമിനായി 40 ഓവറും ബൗണ്ടറികളിൽനിന്ന് ബൗണ്ടറികളിലേക്ക് ഓടാൻ പറഞ്ഞാൽ ഒരു പരാതിയുംകൂടാതെ അത് ചെയ്യാൻ തയ്യാറാണ്. അതിനനുസരിച്ചാണ് തന്റെ തയ്യാറെടുപ്പ്. ഓരോ പന്തും കരിയറിലെ അവസാന പന്താണെന്ന ചിന്തയോടെയാണ് കളിക്കളത്തിൽ നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പരമ്പരയ്ക്ക് തൊട്ടുമുൻപ് മാത്രം പരിശീലനം നടത്തുന്ന ശൈലി തനിക്കില്ല. തന്റെ കായികക്ഷമതയും തയ്യാറെടുപ്പും വർഷംമുഴുവൻ നീണ്ടതാണ്. ഈവർഷമാദ്യം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത് ക്രിക്കറ്റിനോടുള്ള ഇഷ്ടം വീണ്ടും കണ്ടെത്താൻ സഹായിച്ചു. കാണികളില്ലാത്ത ഗ്രൗണ്ടിൽ കളിക്കുമ്പോൾപോലും ബാറ്റിങ്ങിലുള്ള സന്തോഷമാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: virat-kohli-breaks-silence-on-2027-odi-world-cup-participation-rcb-podcast