ആ തമാശ അതിരുകടന്നോ? പഞ്ചാബ് കിംഗ്സ് പേസര്‍ അര്‍ഷ്ദീപ് സിംഗ് വീണ്ടും വിവാദത്തില്‍

മുൻപ് ഇത്തരത്തില്‍ അര്‍ഷ്ദീപ് സിംഗ് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ വിമാനത്തിനുള്ളില്‍ ഇ-സിഗരറ്റ്(വേപിംഗ്) ഉപയോഗിക്കുന്നത് പുറത്തുവന്നതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

വീണ്ടും വിവാദത്തിൽ ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സ് പേസർ താരം അർഷ്ദീപ് സിംഗ്. മുംബൈ ഇന്ത്യൻസിന്റെ താരം തിലക് വർമയുമായുള്ള ഒരു വീഡിയോയിൽ അർഷ്ദീപ് നടത്തിയ പരാമർശങ്ങളാണ് വംശീയമായ ഉള്ളടക്കമുണ്ടെന്ന പേരിൽ വിവാദമായിരിക്കുന്നത്. മെയ് 14-ന് പുറത്തുവന്ന ആ സ്നാപ്ചാറ്റ് വീഡിയോയുടെ പേരിൽ ആരാധകർക്കിടയിൽ ഇപ്പോൾ പ്രതിഷേധവും ഉയരുന്നുണ്ട്.

വിവാദങ്ങൾക്ക് വഴി വച്ചതായ അർഷ്ദീപ് പങ്കുവെച്ച ആ വീഡിയോയിൽ തിലക് വർമയെ താരം 'അന്ധേരേ' (കറുത്തവൻ എന്ന് അർഥം) എന്ന് വിളിക്കുന്നതായാണ് ഉള്ളത്. തമാശരൂപേണയായിരിക്കുമെന്നും എന്നാൽ അങ്ങനെ വിളിച്ചത് ശരിയായില്ലായെന്നും പലരീതിയിൽ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അര്‍ഷ്ദീപിൻറെ ആ വിളി ആദ്യം തിലക് അവഗണിച്ചെങ്കിലും, താരം പരിഹാസം തുടരുകയും താരത്തോട് 'സൺസ്ക്രീൻ' ഉപയോഗിക്കാൻ പറയുകയും ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ നമൻ ധീറിനെ ചൂണ്ടി ഇതാണ് പഞ്ചാബിലെ യഥാർത്ഥ 'നൂർ' അതായത് 'വെളിച്ചം' എന്നും അർഷ്ദീപ് സിംഗ് വിശേഷിപ്പിച്ചു. താരങ്ങൾക്കിടയിലെ സാധാരണ തമാശ എന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടതെങ്കിലും, ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല എന്നതാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരാധകരുടെ പ്രതികരണം.

ബിസിസിഐ ഈ സീസണിൽ ഐപിഎൽ താരങ്ങളുടെ സമൂഹമാധ്യമ പെരുമാറ്റത്തെക്കുറിച്ച് കർശന നിർദ്ദേശങ്ങളായിരുന്നു പുറപ്പെടുവിച്ചിരുന്നത്. താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പുലർത്തേണ്ട രീതിയെ കുറിച്ച് പ്രത്യേക 'മര്‍ഗനിര്‍ദേശങ്ങള്‍' നല്‍കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിനിടെ അർഷ്ദീപ് ചെയ്യുന്ന വീഡിയോകള്‍ക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. മുൻപ് ഇത്തരത്തില്‍ അര്‍ഷ്ദീപ് സിംഗ് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ വിമാനത്തിനുള്ളില്‍ ഇ-സിഗരറ്റ്(വേപിംഗ്) ഉപയോഗിക്കുന്നത് പുറത്തുവന്നതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Content highlight: Arshdeep Singh controversy alleged racist remark on Tilak Varma IPL 2026

To advertise here,contact us