സിംഗിളെടുത്തപ്പോൾ ആഘോഷം; സെഞ്ച്വറിക്ക് ഹെൽമെറ്റ് പോലും ഊരിയില്ല; കാരണം വ്യക്തമാക്കി വിരാട്

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി കംബാക്ക് നടത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി.

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി കംബാക്ക് നടത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. സെഞ്ച്വറി അടിച്ചിട്ടും ഹെല്‍മെറ്റ് പോലും അഴിക്കാതെ ആഘോഷിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി.

ടീമിന് വേണ്ടത് സെഞ്ച്വറിയല്ല നിര്‍ണായക പോയിന്‍റുകളാണെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോഹ്‌ലി പറഞ്ഞു.

സെഞ്ചുറി ആഘോക്കാതിരുന്നത് ടീമിന് ലഭിച്ച 2 പോയിന്‍റുകളുടെ പ്രാധാന്യം എനിക്കറിയാവുന്നത് കൊണ്ടാണ്. ടീമിന് മികച്ച തുടക്കം നൽകുക എന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഞാൻ കൂടുതൽ നേരം ക്രീസിൽ നിന്നാൽ ടീമിന് വിജയസാധ്യത കൂടുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിനെ വിജയത്തിലെത്തിക്കുന്നതിനായിരുന്നു മുൻഗണനയെന്ന് താരം പറഞ്ഞു.

തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം കൊല്‍ക്കത്തക്കെതിരെ ആദ്യ റണ്ണെടുത്തതിന് പിന്നാലെ സെഞ്ച്വറി നേടിയപോലെ കോഹ്‌ലി മുഷ്ടി ചുരുട്ടി ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ തന്നെ വേട്ടയാടിയിരുന്നതായി കോഹ്‌ലി സമ്മതിച്ചു. കഴിഞ്ഞ രണ്ട് കളികളിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്നത് എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഞാൻ പന്ത് നന്നായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു, പക്ഷേ അത് ടീമിന് ഗുണകരമാകുന്ന വലിയ സ്കോറുകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ഞാന്‍ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നതിനേക്കാൾ, ടീമിനെ വിജയത്തിൽ എത്തിക്കുക എന്നതും ആ രണ്ട് പോയിന്‍റുകൾ ഉറപ്പാക്കുക എന്നതുമാണ് പ്രധാനമെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

കൊൽക്കത്ത ഉയർത്തിയ 193 റൺസ് പിന്തുടർന്ന ആർസിബിക്ക് വേണ്ടി 105 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്‌ലി ടീമിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചതിനൊപ്പം പ്ലേ ഓഫ് ബര്‍ത്തും ഏതാണ്ട് ഉറപ്പിച്ചിരുന്നു. സെഞ്ച്വറിയോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് കോഹ്‌ലി വീണ്ടും തിരുത്തിയിരുന്നു.

content highlights: virat kohli reveals why he-didn t celebrate his ipl 2026 century

To advertise here,contact us