ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ വിരാട് കോഹ്ലി ഡക്കായി മടങ്ങിയതോടെ നിരാശയിലായിരുന്നു ആര്‍സിബി ആരാധകര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായത്. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കോഹ്ലി പറയുന്നത്. എന്നാല്‍ സമ്മര്‍ദത്തെ അതിജീവിച്ചുവെന്നും അത് കളി മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും അദ്ദേഹം പറയുന്നു. അതേസമയം, കോഹ്ലിയുടെ ആഘോഷങ്ങളും വലിയ വാര്‍ത്തയായിരുന്നു. ആഘോഷം സ്വാഭാവികമായിരുന്നെന്നാണ് കോലിയുടെ പ്രതികരണം. മത്സരത്തില്‍ വിജയത്തിന്റെയും പോയിന്റുകളുടെയും പ്രാധാന്യം അറിയാമെന്നും അത് സമ്മര്ദത്തിനിടയാക്കിയെന്നും സമ്മര്‍ദം പക്ഷെ, പലപ്പോഴും കളി മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും കോഹ്ലി പറയുന്നു.
ഇടിവെട്ട് പ്രകടനവുമായാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനുവേണ്ടി സെഞ്ചുറി തികച്ചത്. ഇതോടെ നിലവിലെ ജേതാക്കളായ ആര്‍സിബി ഇക്കൊല്ലവും കിരീടത്തിലേക്ക് ഒരുചുവടുകൂടി അടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം വിരാട് കോഹ്ലിയും സംഘവും മറികടന്നത് നിശ്ചിത ഓവര്‍ അവസാനിക്കാന്‍ അഞ്ചുപന്തുകള്‍ ശേഷിക്കെയാണ്.
ആറുവിക്കറ്റിന്റെ മനോഹര ജയത്തോടെ ടീമിന് ഉജ്വല ജയം സമ്മാനിച്ചതാകട്ടെ കിങ് കോഹ്ലിയും. ജേക്കബ് ബെതലും (15), ക്യാപ്റ്റന്‍ രജത് പാട്ടിദാറും (11), ടിം ഡേവിഡും (രണ്ട്) എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് വിരാട് കോഹ്ലിയും (105) ദേവ്ദത്ത് പടിക്കലുമാണ് (39). 60 പന്തില്‍ മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പടെയാണ് വിരാട് കോഹ്ലി 105 റണ്‍സെടുത്തത്. 175 സ്ട്രൈക്ക് റേറ്റിലാണ് കോഹ്ലി കൊല്‍ക്കത്ത ബാറ്റുവീശിയത്. സെഞ്ചുറി നേട്ടത്തോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍നിന്ന് 484 റണ്‍സാണ് താരം ഈ സീസണില്‍ ഇതുവരെ സമ്പാദിച്ചത്. ഒരു സെഞ്ചുറിക്ക് പുറമെ, മൂന്ന് അര്‍ധ സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു.
content highlights: "There was pressure, but I overcame it"; Virat Kohli speaks after his century against Kolkata