ശ്രീജേഷിനെ പുറത്ത്; ഫ്രഞ്ചുകാരൻ ഫ്രെഡറിക്ക് സോയസ് ജൂനിയര്‍ ഹോക്കി ടീം പരിശീലകന്‍

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി ഫ്രഞ്ചുകാരന്‍ ഫ്രെഡറിക്ക് സോയസിനെ ഹോക്കി ഇന്ത്യ നിയമിച്ചു

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി ഫ്രഞ്ചുകാരന്‍ ഫ്രെഡറിക്ക് സോയസിനെ ഹോക്കി ഇന്ത്യ നിയമിച്ചു. ഇതിഹാസ ഗോള്‍ കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ ഒഴിവാക്കിയാണ് ഹോക്കി ഇന്ത്യ പുതിയ പരിശീലകനെ നിയമിച്ചത്.

തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഹോക്കി ഇന്ത്യക്കെതിരെ തുറന്നടിച്ച് ശ്രീജേഷ് രംഗത്തെത്തിയിരുന്നു. ഒന്നര വര്‍ഷം കൊണ്ട് തന്റെ കോച്ചിങ് കരിയര്‍ അവസാനിച്ചതായും മികച്ച ഫലങ്ങള്‍ സൃഷ്ടിച്ചിട്ടും വിദേശ പരിശീലകനു വേണ്ടി തന്നെ ഒഴിവാക്കിയെന്നുമായിരുന്നു ശ്രീജേഷിന്റെ ആരോപണം.

വിവാദം ചൂടുപിടിച്ചു നില്‍ക്കെയാണ് 48കാരനായ ഫ്രഡറിക്ക് സോയസിന്റെ സ്ഥാനാരോഹണം. പരിശീലകനെന്ന നിലയില്‍ മികവ് തെളിയിച്ച ആളാണ് സോയസ്. നേരത്തെ സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

സ്‌പെയിനിനെ 2016ലെ റിയോ ഒളിംപിക്‌സിലും 2020ലെ ടോക്യോ ഒളിംപിക്‌സിലും പരിശീലിപ്പിച്ചത് സോയസാണ്. 2024ലെ പാരിസ് ഒളിംപിക്‌സില്‍ സോയസ് ഫ്രാന്‍സ് ടീമിന്റെ കോച്ചായിരുന്നു.

സ്‌പെയിനിനെ 2019ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തിലേക്കു നയിച്ചിട്ടുണ്ട്. 2016, 20 ഒളിംപിക്‌സുകളില്‍ അദ്ദേഹത്തിന്റെ കീഴില്‍ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു.

content highlights:rederic-soyez-appointed-indian-junior-hockey-coach-replaces-pr-sreejesh

To advertise here,contact us