ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ എംഎസ് ധോണി എന്ന് കളിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഇനിയൊരു പക്ഷെ ധോണി കളിക്കാനിടയില്ലെന്നാണ് ടീമില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്ത. പക്ഷെ, ധോണിയെ യൂറോപ്പിലെ ക്രിക്കറ്റ് മൈതാനത്തേക്ക് ക്ഷണിക്കുകയാണ് യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ് സഹസ്ഥാപകന്‍ കൂടിയായ അഭിഷേക് ബച്ചന്. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഡബ്ലിനില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഭിഷേക് ബച്ചന്. ഏതു ഇന്ത്യന്‍ താരത്തെയാണ് യൂറോപ്യന്‍ ടി20 ലീഗിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹം എന്ന ചോദ്യത്തിന് പെട്ടന്ന് തന്നെ അഭിഷേക് ബച്ചന് ഉത്തരം പറയുകയായിരുന്നു. 'മഹേന്ദ്ര സിങ് ധോണി' എന്നായിരുന്നു ഉത്തരം. എന്തുകൊണ്ട് ധോണിയെ കൊണ്ടുവരണം എന്ന ചോദ്യത്തിന് മറുപടിയായി അഭിഷേക് മറുപടി പറഞ്ഞത് ഇങ്ങനെ; 'മഹേന്ദ്ര സിങ് ധോണിയെ ക്രിക്കറ്റ് മൈതാനത്ത് കാണാന്‍ ആര്‍ക്കെങ്കിലും പ്രത്യേകിച്ച് വല്ല കാരണവും ആവശ്യമുണ്ടോ?' എന്ന്.
എന്നാല്‍ ധോണിയെ യൂറോപ്പിലേക്കെത്തിക്കാന് സാങ്കേതിക തടസ്സങ്ങളുണ്ട്. ബിസിസിഐ നിയമപ്രകാരം, ഇന്ത്യന്‍ കരാറിലുള്ള താരങ്ങള്‍ക്കോ ഐപിഎല്ലില്‍ സജീവമായി തുടരുന്നവര്‍ക്കോ വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. പരിക്കുകാരണമാണ് ധോണി നിലവില്‍ ഐപിഎലില്‍ കളിക്കാത്തത്. രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് വോ തുടങ്ങിയ പ്രമുഖര്‍ ഉടമകളായെത്തുന്ന ഇടിപിഎല്‍, ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് നടക്കുക. ധോണിയെപ്പോലൊരു താരം ലീഗിലെത്തുന്നത് ക്രിക്കറ്റിനെ ആഗോള തലത്തില്‍ വളര്‍ത്താന്‍ സഹായിക്കുമെന്നാണ് അഭിഷേക് ബച്ചന് പറയുന്നത്.
ബിസിസിഐ നിയമങ്ങള്‍ മാറ്റുകയോ ധോണി പൂര്‍ണമായും ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയോ ചെയ്താല്‍ മാത്രമേ അഭിഷേക് ബച്ചന്റെ ആഗ്രഹപ്രകാരം യൂറോപ്പില്‍ കളിക്കാന്‍ ധോണിക്ക് സാധിക്കൂ. ഐഎസ്എല്‍ ക്ലബ് ചെന്നൈയിന് എഫ്സിയുടെ സഹ ഉടമകളാണ് അഭിഷേക് ബച്ചനും എംഎസ് ധോണിയും. അടുത്ത ഇടിപിഎല്‍ സീസണില്‍ ഒരുപക്ഷെ, ധോണി എത്തിയേക്കുമോ എന്ന ആകാംക്ഷയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക്.
content highlights: Dhoni's next battle in Europe? Abhishek Bachchan shares his wish