കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ച്വറിയിലൂടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് 3യില്‍ തിരിച്ചെത്തി വിരാട് കോഹ്ലി.
തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം കൊല്‍ക്കത്തക്കെതിരെ 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലി 12 മത്സരങ്ങളില്‍ 484 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി.
12 മത്സരങ്ങളില്‍ 508 റണ്‍സുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെൻഡ്രിച്ച് ക്ലാസന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 501 റണ്‍സുമായി ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്ശന് രണ്ടാം സ്ഥാനത്ത് തുടരുന്നു.
വിരാട് ടോപ് ത്രീയില്‍ തിരിച്ചെത്തിയതോടെ ഹൈദരാബാദിന്റെ ആഭിഷേക് ശര്‍മ ആദ്യ മൂന്നില്‍ നിന്ന് പുറത്തായി. 481 റണ്‍സുമായി അഭിഷേക് നാലാം സ്ഥാനത്തായി.
ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ 477 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാനാവാഞ്ഞതാണ് രാഹുലിന് തിരിച്ചടിയായത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്ക് വീണു. 467 റണ്‍സുമായാണ് ഗില്‍ ആറാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ മത്സരങ്ങളിലൊന്നും തിളങ്ങാന്‍ കഴിയാതിരുന്ന രാജസ്ഥാന് റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി 11 മത്സരങ്ങളില്‍ 440 റണ്‍സുമായി ഏഴാം സ്ഥാനത്താണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസണ് എട്ടാം സ്ഥാനത്തേക്ക് ഇറങ്ങി. 11 മത്സരങ്ങളില്‍ 430 റണ്‍സുമായാണ് സഞ്ജു എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഗുജറാത്തിനെതിരെ നിരാശപ്പെടുത്തിയെങ്കിലും 420 റണ്‍സുമായി ഇഷാന് കിഷന് ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി.
Content highlights:ipl 2026 orange cap race virat kohli leads sanju samson slips