ഹാര്‍ദിക് പാണ്ഡ്യ ചെന്നൈയിലേക്ക്..? ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച; കാരണം ഇതാണ്

ഐപിഎല്‍ ക്രിക്കറ്റില്‍ നാടകീയ കൂടുമാറ്റത്തിന് അരങ്ങൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ കൂടുമാറ്റങ്ങള്‍ അത്ര കൗതുകകരമല്ലെങ്കിലും ചില താരങ്ങള്‍ ടീം മാറുന്നത് വലിയ പ്രാധാന്യം നേടാറുണ്ട്. അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ചില താരങ്ങള്‍ ഞെട്ടിച്ചിട്ടുമുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ചര്‍ച്ച കൗതുകകരമാണ്. ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചാണ് ചര്‍ച്ച മുഴുവന്‍. ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുന്നു എന്നതാണ് പ്രധാനം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റമെന്ന സൂചനയെന്നതും ശ്രദ്ദേയമാണ്. 2024ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളില്‍ ഒന്നായിരുന്നു. എന്നാല്‍ ആ തിരിച്ചുവരവ് ഹാര്‍ദിക്കിനോ മുംബൈ ഇന്ത്യന്‍സിനോ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. മുംബൈ ഇന്ത്യന്‍സ് തോല്‍വികളില്‍ പതറിയതോടെ ക്യാപ്റ്റന്റെ സ്ഥാനവും ചര്‍ച്ചയായി.

പിന്നാലെ രണ്ടുമത്സരങ്ങൡ ഹാര്‍ദികിനെ കണ്ടതുമില്ല. ഇതോടെ താരം ടീം വിടുന്നു എന്ന അഭ്യൂഹം പരന്നു. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായതോടെ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രോഷം ഉയര്‍ന്നു. എന്നാല്‍ 2027 സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്ത് മറ്റൊരു വന്‍ ട്രേഡിങ് നടന്നേക്കുമെന്നാണ് സൂചന. ഈ ചര്‍ച്ചയ്ക്ക കാരണമായത് ചെപ്പോക്കില്‍വെച്ച് ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സിഇഒ കാശി വിശ്വനാഥനുമായുള്ള കൂടിക്കാഴ്ചയാണ്. ഗ്രൗണ്ടിലായിരുന്നു ചര്‍ച്ചയെങ്കിലും ഇത് വലിയ ശ്രദ്ധനേടുകയാണ്. മേയ് രണ്ടിനായിരുന്നു ഗ്രൗണ്ടില്‍വെച്ചുള്ള ശ്രദ്ധേയമായ ഈ ചര്‍ച്ച.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മുംബൈയെ എട്ടുവിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. രണ്ട് എല്‍ ക്ലാസിക്കോയിലും മുംബൈയെ തോല്‍പ്പിച്ചതോടെ സിഎസ്‌കെ ആരാധകര്‍ ആഘോഷത്തിലായിരുന്നു. ഇതിനിടെയാണ് പാണ്ഡ്യയും കാശി വിശ്വനാഥനും സംഭാഷണത്തിലേര്‍പ്പെട്ടത്. സാധാരണ ഐപിഎലില്‍ ഇത്തരം കാഴ്ചകള്‍ അപൂര്‍വമാണെന്നിരിക്കെയാണ് ചര്‍ച്ച ചൂടേറിയത്. ഈ സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണത്തിലും പരാജയപ്പെട്ട് പോയിന്റ് ടേബിളില്‍ താഴെ നില്‍ക്കുന്ന സമയത്താണ് ചര്‍ച്ചയുണ്ടായത് എന്നതും ശ്രദ്ദേയമാണ്. 2025ലും മുംബൈയുടെ പ്രകടനം മോശമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ ടീമിനുള്ളില്‍ അസ്വസ്ഥതകളുണ്ടാക്കി. ഇതോടെയാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈയില്‍നിന്ന് പുറത്തേക്ക് പോകുന്നു എന്നതും അതോടൊപ്പം ചെന്നൈയിലേക്ക് എത്തിയേക്കാമെന്നും അഭ്യൂഹം പരക്കുന്നത്.

content highlights: Hardik Pandya to Chennai..? Heated discussions in the cricket world; This is the reason

To advertise here,contact us