ചേസിങ്ങില്‍ വിരാട് കോഹ്ലി അപകടകാരിയാണെന്ന് വീണ്ടും തെളിയിച്ചെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. സ്കോര്‍ പിന്തുടരുമ്പോള് അദ്ദേഹം വലിയ അപകടകാരിയാകുന്നത് എല്ലാവര്ക്കും അറിയാമെന്നും ഈ ടൂര്‍ണമെന്റില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യുന്ന താരമാണ് വിരാട് കോഹ്ലിയെന്നും രഹാനെ പറഞ്ഞു. മത്സരത്തില്‍ കൊല്‍ക്കത്തയുടെ കഠിനാധ്വാനം എടുത്തുപറയേണ്ടതാണെന്നും എന്നാല്‍ രണ്ടു ക്യാച്ചുകള്‍ കൈവിട്ടത് തോല്‍വിയിലേക്ക് നയിച്ചെന്നും രഹാനെ പറയുന്നു. വിരാട് കോഹ്ലി കൊല്‍ക്കത്തയ്ക്കെതിരെ 60 പന്തില്‍ 105 റണ്‍സാണ് എടുത്തത്. ഈ ഇന്നിങ്സാണ് ആര്‍സിബിയെ വിജയത്തിലെത്തിച്ചത്.
കോഹ്ലി 23 റണ്‍സിലെത്തി നില്‍ക്കെ അദ്ദേഹത്തിന്റെ ക്യാച്ച് പവല്‍ വിട്ടുകളഞ്ഞിരുന്നു. ദേവ്ദത്ത് പടിക്കലിന്റെ ക്യാച്ചും കൊല്‍ക്കത്ത നഷ്ടപ്പെടുത്തി. വൈഭവ് അറോറയാണ് അദ്ദേഹത്തിന്റെ ക്യാച്ച് കൈവിട്ടത്. 23 റണ്‍സായിരുന്നു പടിക്കലിനും. ഇതാണ് കളിയില്‍ കൊല്‍ക്കത്തയ്ക്ക് വിനയായത്. കാര്‍ത്തിക് ത്യാഗിയുടെ പ്രകടനത്തെ രഹാനെ അഭിനന്ദിച്ചു. അദ്ദേഹം മികച്ച കളിയാണ് പുറത്തെടുത്തത്. ടീമിന് മുതല്‍ക്കൂട്ടാണ് അദ്ദേഹമെന്നും രഹാനെ പറയുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം വിരാട് കോഹ്ലിയും സംഘവും മറികടന്നത് നിശ്ചിത ഓവര്‍ അവസാനിക്കാന്‍ അഞ്ചുപന്തുകള്‍ ശേഷിക്കെയാണ്. ആറുവിക്കറ്റിന്റെ മനോഹര ജയത്തോടെ ടീമിന് ഉജ്വല ജയം സമ്മാനിച്ചതാകട്ടെ കിങ് കോഹ്ലിയാണ്. ജേക്കബ് ബെതലും (15), ക്യാപ്റ്റന്‍ രജത് പാട്ടിദാറും (11), ടിം ഡേവിഡും (രണ്ട്) എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് വിരാട് കോഹ്ലിയും (105) ദേവ്ദത്ത് പടിക്കലുമാണ് (39). 60 പന്തില്‍ മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പടെയാണ് വിരാട് കോഹ്ലി 105 റണ്‍സെടുത്തത്. 175 സ്ട്രൈക്ക് റേറ്റിലാണ് കോഹ്ലി കൊല്‍ക്കത്ത ബാറ്റുവീശിയത്. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റു. ഇനി എല്ലാ കളിയും വിജയിച്ചാലും മറ്റുള്ളവരുടെ മത്സരങ്ങള്‍ കൂടി ആശ്രയിച്ചാകും പ്ലേ ഓഫിലെത്താനാവുക.
content highlights: 'Virat Kohli is Dangerous'; Ajinkya Rahane Speaks After Defeat Against RCB