സായിക്കും സുന്ദറിനും ഫിഫ്റ്റി; ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഭേദപ്പെട്ട ടോട്ടൽ

44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണ‍ർ സായ് സുദര്‍ശന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.

44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്.

പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കാം.

Content highlights:ipl-2026-gt-vs-srh-sai-sudharsan-washington-sundar-fifty

To advertise here,contact us