ടി 20 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം ഫോമിനെക്കുറിച്ചും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് സ്ഥാനം നഷ്ടമായപ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ.
ഇഷാൻ കിഷൻ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുകയും ഡഗൗട്ടിലിരുന്ന് ഒരു കാഴ്ചക്കാരനായി മാത്രം ആ മത്സരങ്ങൾ കാണേണ്ടി വരികയും ചെയ്ത ആ ഘട്ടത്തെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തില്‍ മുന്‍ താരം അഭിനനവ് മുകുന്ദുമായി സംസാരിച്ചപ്പോഴാണ് സഞ്ജു മനസ്സുതുറന്നത്.
കരിയറിലുടനീളം ഒട്ടേറെ സമ്മർദ സാഹചര്യങ്ങളെ താൻ അതിജീവിച്ചിട്ടുണ്ടെന്നും എന്നാൽ ഇഷാൻ കിഷന്റെ വരവ് താൻ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്രയും സങ്കീർണ്ണമായ സാഹചര്യത്തിലാക്കിയെന്നും സഞ്ജു പറഞ്ഞു. ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം വന്നതോടെ തിരിച്ചുവരവിനുള്ള പ്രതീക്ഷയും അസ്തമിച്ചിരുന്നെന്ന് സഞ്ജു പറഞ്ഞു.
‘ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തായതിന് ശേഷം, ഞാൻ വലിയ സമ്മർദത്തിലായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു സമ്മർദം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സത്യം പറഞ്ഞാൽ എനിക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ ഇടവേളകൾ, പരിശീലനം, മത്സരം എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തുടർന്നുകൊണ്ടേയിരുന്നു. പിന്നെ, എനിക്ക് മറുവശത്ത് തോന്നിത്തുടങ്ങി, ഇഷാൻ കിഷൻ എവിടെ നിന്നോ പെട്ടെന്ന് ടീമിലേക്ക് വന്നു. അവന് മികച്ചൊരു മുഷ്താഖ് അലി ടൂർണമെന്റ് ഉണ്ടായിരുന്നു. അവൻ ജാർഖണ്ഡിനായി ചാംപ്യൻഷിപ്പ് നേടി. എനിക്ക് അറിയാമായിരുന്നു, അവന് അർഹതയുണ്ട്, സഞ്ജു പറഞ്ഞു.
തിരുവനന്തപുരത്ത് അവൻ ആ 100 നേടിയപ്പോൾ ഞാൻ കരുതി, ‘സഞ്ജു, ഇനി അത് അയാൾക്ക് വിട്ടുകൊടുക്കൂ ബോസ്. നിങ്ങളേക്കാൾ കൂടുതൽ അവൻ അത് അർഹിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അവസരങ്ങൾ ലഭിച്ചു, പക്ഷേ റൺസ് നേടിയില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഫോമിലുള്ള ഒരാൾ അവിടെയുണ്ട്. അവൻ മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് വന്നതാണ്. ഇവിടെയെത്താൻ അവൻ അധ്വാനിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് സെഞ്ചറി നേടുകയും ചെയ്തു. ഞാൻ കരുതി, ‘സഞ്ജു, ഇനി നീ അത് വിട്ടേക്കൂ’ അങ്ങനെ ഞാൻ അവിടെ ഉണ്ടായിരുന്നു.’’– സഞ്ജു പറഞ്ഞു.
ന്യൂസീൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. മറുവശത്ത് ഇഷാൻ കിഷൻ തിളങ്ങുകയും ചെയ്തു. ഇതോടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. പിന്നീട് ഓപ്പണിങ് സഖ്യം തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് അവസാന മൂന്നു മത്സരങ്ങളിൽ സഞ്ജു ടീമിലെത്തുകയും ടീമിനെ ലോകകപ്പ് നേട്ടത്തിലെത്തിക്കുകയും ചെയ്തത്. ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
content highlights:sanju samson honest reaction on ishan kishan opening in indian t20 team