ഹാട്രിക്ക് ജയത്തോടെ CSK യുടെ കംബാക്ക് ; പ്ലേ ഓഫ് കടക്കാൻ ഇനിയെന്ത് വേണം!

11 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായിചെന്നൈ പോയിന്‍റ് പട്ടികയിൽ രാജസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു

ഐപിഎല്ലിലെ ആവേശപ്പോരില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ചെപ്പോക്കിൽ ലഖ്‌നൗ ഉയര്‍ത്തിയ 204 റൺസിന്‍റെ വിജയലക്ഷ്യം 19.2 ഓവറിലാണ് ചെന്നൈ മറികടന്നത്.

ഈ ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായിചെന്നൈ പോയിന്‍റ് പട്ടികയിൽ രാജസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ടൂർണമെന്‍റിലെ പ്ലേ ഓഫ് കണക്കുകൾ കൂടുതല്‍ സങ്കീർണ്ണമായി. ലീഗ് ഘട്ടത്തിൽ ഇനി മൂന്ന് മത്സരങ്ങളാണ് ചെന്നൈക്ക് അവശേഷിക്കുന്നത്.

പ്ലേ ഓഫ് ഉറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയെന്ന് നോക്കാം. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ ചെന്നൈക്ക് 18 പോയിന്‍റാകും. മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ തന്നെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

15ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഏക്നാ സ്റ്റേഡിയത്തിലാണ് ചെന്നൈയുടെ അടുത്ത മത്സരം. 18ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈക്ക് ഹോം മത്സരമാണ്. 21ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എവേ മത്സരത്തിലുമാണ് ഇനി ചെന്നൈ കളിക്കുക.

ഇതില്‍ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായവരാണ്. എന്നാല്‍ ഗുജറാത്തും ഹൈദരാബാദും പ്ലേ ഓഫിലെത്താന്‍ ചെന്നൈക്കൊപ്പം മത്സരിക്കുന്ന ടീമുകളാണ്. സീസണിലെ ആദ്യ പാദത്തിൽ സൺറൈസേഴ്സിനോടും ഗുജറാത്തിനോടും തോറ്റ ചെന്നൈക്ക്, പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം ആ തോൽവികൾക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഈ പോരാട്ടങ്ങളിലുണ്ട്.

ബാക്കിയുള്ള 3 കളികളില്‍ രണ്ട് ജയം നേടിയാലും 16 പോയിന്‍റോടെ പ്ലേ ഓഫിലെത്താൻ എത്താൻ ചെന്നൈക്ക് അവസരമുണ്ട്. മികച്ച നെറ്റ് റൺ റേറ്റ് ഉള്ളത് ഇവിടെ ചെന്നൈക്ക് തുണയാകും. എന്നാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിക്കേണ്ടിവരുമെന്ന് മാത്രം.

മൂന്നിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കുന്നതെങ്കിൽ ചെന്നൈ 14 പോയിന്‍റിൽ ഒതുങ്ങും. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് പിന്നീട് ബാക്കിയുണ്ടാവുക. മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ച് മാത്രമെ ഭാഗ്യമുണ്ടെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താനാവു. നിലവിൽ തുല്യ പോയിന്‍റുള്ള രാജസ്ഥാൻ റോയൽസിനേക്കാൾ മികച്ച റൺ റേറ്റ് ഉള്ളത് ചെന്നൈക്ക് വലിയ ആശ്വാസമാണ്.

content highlights:csk hat trick win ipl 2026 playoff qualification scenarios

To advertise here,contact us