വിസ്മയം 'ഭുവനേശ്വര്‍', ബാറ്റിങ്ങില്‍ തകര്‍ന്ന് മുംബൈ ഇന്ത്യന്‍സ്; ആര്‍സിബിക്ക് ലക്ഷ്യം 167

ഭുവനേശ്വര്‍ കുമാറിന് നാലുവിക്കറ്റ്, വീഴ്ത്തിയത് റിക്കള്‍ട്ടണ്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ

മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ എതിരാളി ഭുവനേശ്വര്‍ കുമാറായിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം ഭുവിക്ക് മുന്നിലാണ് അടിയറവ് പറഞ്ഞത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയതാകട്ടെ ചില്ലറക്കാരെയല്ല. റയാന്‍ റിക്കള്‍ട്ടണ്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് ഭുവിക്ക് മുന്നില്‍ തകര്‍ന്നത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടെത്തിയ മുംബൈയെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിന് ഒതുക്കാനുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് കളിക്കാനിറങ്ങിയത്. പകരം സൂര്യകുമാര്‍ യാദവ് വീണ്ടും ക്യാപ്റ്റനായി. പക്ഷെ, കളത്തിലിറങ്ങിയ മുംബൈയെ പരീക്ഷിച്ച് ഭുവനേശ്വര്‍ കുമാര്‍ അവതരിച്ചു. സ്‌കോര്‍ ബോര്‍ഡ് നാലിലെത്തി നില്‍ക്കെ റിക്കള്‍ട്ടണ്‍ (രണ്ട്) പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ആയപ്പോള്‍ രോഹിത് ശര്‍മയും (22) മടങ്ങി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാറിനെയും ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. റണ്ണെടുക്കാതെയാണ് മുംബൈ ക്യാപ്റ്റന്‍ മടങ്ങിയത്. മുംബൈക്കുവേണ്ടി പോരാടിയത് തിലക് വര്‍മയും (57), നമന്‍ ധിറുമാണ് (47). ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 പന്തില്‍ 82 റണ്‍സെടുത്തു. മികച്ച പ്രകടനം നടത്തിയ തിലക് വര്‍മയെയും പുറത്താക്കിയത് ഭുവനേശ്വര്‍ കുമാര്‍ തന്നെ. വില്‍ ജാക്‌സ് (10), രാജ് ബവ (16) എന്നിവരും വേഗം മടങ്ങി.

കോര്‍ബിന്‍ ബോഷ് (അഞ്ച്), ദീപക് ചഹര്‍ (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ആര്‍സിബിക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ്, റാസിക് സലാം, റൊമാരിയോ ഷെഫേഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: The Bhubaneswar magic; Mumbai Indians collapse in batting; Target 167 for RCB

To advertise here,contact us