പ്ലേ ഓഫ് കടമ്പയിലേക്ക് ദൂരംകുറച്ച് ചെന്നൈ; ലഖ്‌നൗവിനെ തോല്‍പ്പിച്ചത് അഞ്ചുവിക്കറ്റിന്

ഉര്‍വില്‍ പട്ടേലിന്റെ (65) മികവിലാണ് ചെന്നൈയുടെ ജയം

നല്ല തുടക്കം നല്‍കിയ സഞ്ജു സാംസണ്‍ അതിവേഗം മടങ്ങിയപ്പോഴും ചെന്നൈയ്ക്ക് അത്ര വേവലാതിയില്ലായിരുന്നു. ക്രീസില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും ക്രീസിലേക്ക് വരാന്‍ ഉര്‍വില്‍ പട്ടേലും ഉള്ളപ്പോള്‍ എന്തിന് ഭയക്കണം. അതുതന്നെ സംഭവിച്ചു. ഇരുവരുടെയും മികവില്‍ ലഖ്‌നൗവിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു. സഞ്ജു സാംസണ്‍ (28) വേഗം മടങ്ങിയപ്പോള്‍ ഗെയ്ക്വാദും ഉര്‍വില്‍ പട്ടേലും (65) ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 23 പന്തില്‍ 65 റണ്‍സെടുത്ത ഉര്‍വില്‍ ഐപിഎലിലെ അതിവേഗ അര്‍ധ സെഞ്ചുറി റെക്കോഡ് യശസ്വി ജയ്‌സ്വാളിനൊപ്പം പങ്കിട്ടു. 13 പന്തിലാണ് അര്‍ധ സെഞ്ചുറി പിന്നിട്ടത്. ഇന്നിങ്‌സില്‍ എട്ടുസിക്‌സറുകളും രണ്ടു ഫോറും അകമ്പടിയായി. കാര്‍ത്തിക് ശര്‍മ (20), പ്രശാന്ത് വീര്‍ (17), ശിവം ദുബൈ (15), എന്നിവരും പൊരുതി. ഡെവാള്‍ഡ് ബ്രെവിസ് പത്തുറണ്‍സെടുത്ത് വേഗം മടങ്ങി. ലഖ്‌നൗവിന് വേണ്ടി ദിഗ്വേഷ് റാത്തിയും ഷഹബാസ് അഹമ്മദും രണ്ടുവിക്കറ്റ് വീഴ്ത്തി. 2018ന് ശേഷം ഇതാദ്യമായാണ് ചെന്നൈ 180 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്.

നേരത്തെ, പവര്‍പ്ലേയില്‍ അടിച്ചുതകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മികച്ച റണ്‍സ് കുറിച്ചിരുന്നു. പവര്‍ പ്ലേയില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ടീം സ്‌കോര്‍ ചെയ്തത് 91 റണ്‍സാണ്. എന്നാല്‍ 115 റണ്‍സിലേക്കെത്തിയപ്പോഴേക്കും നാലുവിക്കറ്റ് വീണ് പരിതസ്ഥിതിയിലായി ലഖ്‌നൗ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ കുറിച്ചത് 203 റണ്‍സ്. ജോഷ് ഇന്‍ഗ്ലിസിന്റെ മികച്ച പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്‌കോറൊരുക്കിയത്. 33 പന്തില്‍ ആറുസിക്‌സും പത്തുഫോറും ഉള്‍പ്പടെയാണ് ജോഷ് ഇന്‍ഗ്ലിസ് 85 റണ്‍സിലെത്തി. എന്നാല്‍ താരത്തിന് മികച്ച പിന്തുണയേകാന്‍ മുന്‍നിര താരങ്ങള്‍ക്കൊന്നുമായില്ല. ഇന്‍ഗ്ലിസിന്റെ പ്രകടന മികവില്‍ പവര്‍ പ്ലേയില്‍ 91 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. ഒരുഘട്ടത്തില്‍ ഇന്‍ഗ്ലിസ് സെഞ്ചുറിയിലേക്ക് അതിവേഗം കുതിക്കുമെന്നാണ് കരുതിയതെങ്കിലും ചെന്നൈ ബൗളിങ്ങിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി. മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ഇന്‍ഗ്ലിസ് നടത്തിയ ഓപ്പണിങ് കൂട്ടുകെട്ട് 77 റണ്‍സിലെത്തിച്ചു. പക്ഷെ, മാര്‍ഷ് വെറും കാഴ്ചക്കാരനായി മാറി. വെറും പത്ത് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. അവസാന ഓവറുകളില്‍ ഷഹബാസ് അഹമ്മദും (43), ഹിമ്മത് സിങ്ങും (17), അക്ഷത് രഘുവംശിയും (18) സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ സ്‌കോര്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 203 ലെത്തി.

നിക്കോളാസ് പൂരനും (ഒന്ന്) നിരാശപ്പെടുത്തി. ഋഷഭ് പന്തും (15) പോരാടാനാകാതെ കീഴടങ്ങി. എയ്ഡന്‍ മാര്‍ക്രം ആറ് റണ്‍സെടുത്ത് മടങ്ങി. മുഹമ്മദ് ഷമി പൂജ്യത്തിന് മടങ്ങി. ആവേശ് ഖാന്‍ പുറത്താകാതെനിന്നു. ജാമി ഓവര്‍ട്ടണ്‍ മൂന്നും അന്‍ഷുല്‍ കംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദും ഒരു വിക്കറ്റെടുത്തു.

content highlights: Chennai inches closer to the playoffs; defeats Lucknow by five wickets

To advertise here,contact us