ക്രിക്കറ്റ് മാത്രമല്ല, വ്ളോഗിങ്ങിലും കഴിവുതെളിയിച്ച താരമാണ് അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്ളോഗ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിനോട് വ്ളോഗിങ് അവസാനിപ്പിക്കാന്‍ പറഞ്ഞിരിക്കുകയാണ് ബിസിസിഐ. അതിന് കാരണവുമുണ്ട്. യുസ്വേന്ദ്ര ചാഹലിന്റെ ഒരു വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം. യുസ്വേന്ദ്ര ചാഹല്‍ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന ദൃശ്യം പുറത്തുവന്നത് വലിയ വിവാദമായിട്ടുണ്ട്. പഞ്ചാബ് കിങ്സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് അര്‍ഷ്ദീപിന്റെ വ്ളോഗില്‍ വ്യക്തമാണ്.
അര്‍ഷ്ദീപിനും ശശാങ്ക് സിങിനുമൊപ്പം ഇരുന്ന ചഹല്‍ വിഡിയോയ്ക്കിടെ പെട്ടെന്ന് കൈ കൊണ്ട് വായ മറയ്ക്കുകയും മറുകൈ കൊണ്ട് എന്തോ ചുണ്ടോട് അടുപ്പിക്കുകയും പിന്നാലെ പുകപോലെ പുറത്തേക്ക് വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ വിഡിയോ അര്‍ഷ്ദീപ് സിങ് ആദ്യം പുറത്തുവിട്ട വിഡിയോയില്‍ ഉണ്ടായിരുന്നു. പ്രേക്ഷകര്‍ കമന്റിട്ടതോടെ ഇത് പിന്‍വലിച്ച് എഡിറ്റ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്തു. പക്ഷേ അതിനകം ആദ്യത്തെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ബിസിസിഐ മുന്നറിയിപ്പുമായി ഇടപെട്ടത്. ഐപിഎലിനിടെ ഇനി വ്ളോഗ് ചെയ്യരുതെന്നാണ് ബിസിസിഐ നിര്‍ദേശം. അതേസമയം, വിമാനത്തില്‍ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. പ്രൊഹിബിഷന്‍ ഓഫ് ഇ-സിഗരറ്റ് ആക്ട് 2019 പ്രകാരം തെറ്റാണ് ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണിതെന്നും കുറ്റക്കാര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ, പത്തുലക്ഷം രൂപ വരെ പിഴയോ വിമാനയാത്രാ വിലക്കോ ലഭിക്കാം. ഇത്തരത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കുപോലും ഭീഷണിയാകുന്ന കാര്യമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചഹല്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഐപിഎലില്‍ താരങ്ങളുടെ ചട്ടലംഘനങ്ങള്‍ തുടരുന്നതിനിടെ മുന്നറിയിപ്പുമായി ബിസിസിഐ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ടീമുകള്‍ക്കും ബിസിസിഐ കത്തയച്ചു. വേപ് ഉപയോഗം മുതല്‍ ടീം ഹോട്ടലിലെ മര്യാദ ഉള്‍പ്പടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
content highlights: "Cricket is enough here, no need for vlogging"; BCCI to Arshdeep Singh