തുടർച്ചയായ രണ്ടാം സീസണിലും മിന്നും പ്രകടനം കാഴ്ച വെക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. നിലവിൽ പത്ത് മത്സരങ്ങളിൽ നിന്ന് 404 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ അഞ്ചാമതുണ്ട് താരം.
എന്നാൽ 15 കാരനായ വൈഭവിന്റെ കരിയറിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ പ്രവചനമാണ് ഇന്ത്യൻ ആരാധകര്‍ക്കിടിയില്‍ വലിയ ചർച്ചയാകുന്നത്. ഇതേ വേഗതയിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റ് മടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെ ക്രിക്കറ്റ് പോഡ്കാസ്റ്റായ 'സ്റ്റിക് ടു ക്രിക്കറ്റിൽ' മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് ഫിൽ ടഫ്നൽ, ഡേവിഡ് ലോയ്ഡും എന്നിവര്‍ പറഞ്ഞു.
ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 30 പന്തിൽ സെഞ്ചുറിയടിച്ച ക്രിസ് ഗെയ്ലിന്റെ പേരിലാണ്. എന്നാൽ ഈ പയ്യൻ ഇതിനകം 35 പന്തിൽ സെഞ്ച്വറി സ്വന്തമാക്കി. ഒരു സീസണിൽ കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിന് (അഭിഷേക് ശര്‍മ നേടിയ 42 സിക്സുകൾ) തൊട്ടരികിലാണ് വൈഭവെന്നും മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സിക്സർ ഹിറ്റർ വൈഭവാണെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായ അലിസ്റ്റർ കുക്ക് പറഞ്ഞു.
ചർച്ചയ്ക്കിടയിൽ മുൻ സ്പിന്നർ ഫിൽ ടഫ്നലാണ് വൈഭവിന്റെ ഭാവിയെക്കുറിച്ച് രസകരമായ ഒരു പ്രവചനം നടത്തിയത്. ഈ രീതിയിലാണ് അവന് മുന്നേറുന്നതെങ്കില്‍ 21 വയസാകുമ്പോഴേക്കും അവൻ ക്രിക്കറ്റ് കളിച്ച് മടുത്ത് 'ബേൺ ഔട്ട്' ആയേക്കാം," എന്നായിരുന്നു ടഫ്നലിന്റെ കമന്റ്. ഇതിനെ ശരിവെച്ചുകൊണ്ട് മൈക്കൽ വോൺ പറഞ്ഞത് അപ്പോഴേക്കും അവന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടാകും, ചിലപ്പോൾ സമാധാനമായി വിരമിച്ചേക്കാമെന്നായിരുന്നു.
സൂര്യവംശിയുടെ കഴിവിനെ പ്രശംസിച്ച വോൺ, ഉടൻ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇതിനകം തന്നെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 36 പന്തിൽ സെഞ്ച്വറി നേടി വൈഭവ് വാർത്തകളിൽ നിറഞ്ഞിരുന്നു.
Content highlights: vaibhav suryavanshi retirement prediction english cricket legends ipl 2026