'ബെംഗളൂരുവിനെതിരായ കഴിഞ്ഞമത്സരത്തിന് ശേഷമാണ് വിരാട് ഭയ്യ എനിക്ക് നന്നായി ബൗള്‍ ചെയ്യാനുള്ള ഉപദേശം നല്‍കിയത്, ഇന്നത് ഞാന്‍ പ്രാവര്‍ത്തികമാക്കി' -റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷം പ്രിന്‍സ് യാദവ് ഇതുപറയുമ്പോള്‍ കൈയില്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് കൂടിയുണ്ട് എന്നതാണ് ഹൈലൈറ്റ്! ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരത്തിന്റെ മികച്ച പ്രകടനം പലപ്പോഴും മുങ്ങിപ്പോയത് ടീമിന്റെ മോശം പ്രകടനത്തില്മാത്രമാണ്. സീസണില്‍ മികച്ച പെര്‍ഫോമന്‍സാണ് പ്രിന്‍സ് യാദവിന്റേത്. പക്ഷെ, ടീമിന് അത് മുതലെടുക്കാനാകുന്നില്ല എന്നതാണ് ഖേദകരം.
ഈ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യമത്സരത്തില്‍ രണ്ടുവിക്കറ്റ് നേടിയാണ് പ്രിന്‍സ് യാദവ് തുടക്കമിട്ടത്. കളിയില്‍ ടീം തോറ്റെങ്കിലും പ്രിന്‍സിന്റെ പ്രകടനം അടയാളപ്പെടുത്തപ്പെട്ടു, അഭിനന്ദനങ്ങളും ഒട്ടേറെ നേടി. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും നേടി രണ്ടുവിക്കറ്റ്. ഇത്തവണയും തോല്‍വി തന്നെ ടീമിന് ഫലം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരുവിക്കറ്റ് നേടിയ താരം തൊട്ടടുത്ത ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വീണ്ടും ഒരുവിക്കറ്റെടുത്തു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ മൂന്നുവിക്കറ്റാണ് പിഴുതെടുത്തത്. മത്സരം തോറ്റെങ്കിലും ഫില്‍ സാള്‍ട്ട്, രജത് പാട്ടിദാര്‍, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റാണ് പ്രിന്‍സ് യാദവ് വീഴ്ത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും വീഴ്ത്തി രണ്ടുവിക്കറ്റ്.
രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിലും രണ്ടുവിക്കറ്റോടെ തിളങ്ങി പ്രിന്‍സ് യാദവ് എന്ന പോരാളി. പിന്നീട് കൊല്‍ക്കത്തയ്ക്കും മുംബൈ ഇന്ത്യന്‍സിനും എതിരായി നടന്ന മത്സരത്തില്‍ പക്ഷെ, വിക്കറ്റുകള്‍ നേടാനായില്ലെങ്കിലും താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചയായി. നാലോവറില്‍ വെറും 24 റണ്‍സ് മാത്രമാണ് ഇരുമത്സരങ്ങളിലും വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ആര്‍സിബിക്കെതിരെ വീണ്ടും മൂന്നുവിക്കറ്റ് നേട്ടം. കളിയില്‍ വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ എന്നിവരെയാണ് പുറത്താക്കിയത്. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ലഖ്നൗവിന് സീസണിലെ മൂന്നാം ജയം നേടാനും കാരണമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുന്ന പ്രിന്‍സ് യാദവ്, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് ഏറെ സാധ്യത കല്‍പ്പിക്കുന്ന താരം കൂടിയാണ്.
content highlights: Prince Yadav Shines; Wicket Hunt Continues in IPL