പെരുമഴക്കിടെ ലഖ്‌നൗവിന് മൂന്നാം ജയം; അവസാന സ്ഥാനക്കാരോട് തോറ്റത് നിലവിലെ ചാമ്പ്യന്മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെ രണ്ടുതവണയാണ് മഴ കളിയുടെ രസം കൊല്ലിയായത്. എന്നിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സീസണിലെ മൂന്നാം ജയം നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളെ തടയിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. പോയിന്റ് പട്ടികയില്‍ അവസാനാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ബെംഗളൂരുവിനെതിരെ ഒമ്പത് റണ്‍സ് വിജയമാണു സ്വന്തമാക്കിയത്. ഡിഎല്‍എസ് നിയമപ്രകാരം 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗവിനെതിരെ ജയിച്ചിരുന്നെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു. പത്ത് മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ മാത്രമുള്ള ലഖ്‌നൗവിന്റെ പ്ലേ ഓഫിന് ഉണ്ടാകില്ലെന്ന് നേരത്തെ ഉറപ്പാക്കിയതാണ്.

മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറി നേട്ടമാണ് ലഖ്‌നൗവിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. 56 പന്തുകളില്‍നിന്ന് ഒമ്പതു വീതം സിക്‌സുകളും ഫോറുകളും നേടിയാണ് താരം 111 റണ്‍സിലെത്തിയത്. നിക്കോളാസ് പുരാന്‍ 38 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 റണ്‍സും നേടി. ഇവരാണ് ലഖ്‌നൗവിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 17 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ മിച്ചല്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 95 റണ്‍സ് എടുത്തിരുന്നു. ഇത് ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാന പന്തുകളില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തിയത് ലഖ്‌നൗ സ്‌കോര്‍ 200 കടത്തി.

31 പന്തുകളില്‍നിന്ന് 61 റണ്‍സെടുത്ത രജത് പാട്ടീദാറാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ജേക്കബ് ബെതല്‍ (നാല്), വിരാട് കോലി (പൂജ്യം) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങിയത് ആര്‍സിബിക്ക് തിരിച്ചടിയായി. ദേവ്ദത്ത് പടിക്കല്‍ 34 റണ്‍സും ടിം ഡേവിഡ് 17 പന്തില്‍ 40 റണ്‍സുമെടുത്തു. ക്രുനാല്‍ പാണ്ഡ്യ (28), റൊമാരിയോ ഷെഫേഡ് (23) എന്നിവര്‍ പൊരുതി. ലഖ്‌നൗവിനായി പ്രിന്‍സ് യാദവ് മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് നേടി.

content highlights: Lucknow Secures Third Win Amid Heavy Rain; Defending Champions Defeated by Bottom-Ranked Team

To advertise here,contact us