ഓറഞ്ച് ക്യാപിന് 'ഹൈദരാബാദ് പോര്', പട്ടികയില്‍ ക്ലാസനും അഭിഷേകും ഇഷാന്‍ കിഷനും; ഭീഷണിയായി വൈഭവും സഞ്ജുവും

ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ അഞ്ചുറാങ്കില്‍ മൂന്നുപേരും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍, പോയിന്റ് പട്ടികയിലും ഹൈദരാബാദ് ഒന്നാമത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഇപ്പോള്‍ ഐപിഎലിനെ വിസ്മയിപ്പിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു എന്നുമാത്രമല്ല, ഇപ്പോഴിതാ അവരുടെ താരങ്ങളാല്‍ സമ്പന്നമാണ് ഓറഞ്ച് ക്യാപ് പട്ടികയും.

ആദ്യ അഞ്ചുസ്ഥാനങ്ങളില്‍, ഒന്നാമത് എത്തിയിരിക്കുന്നത് ഹെന്റിച്ച് ക്ലാസനാണ്. 11 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കിയ താരത്തിന് ഇതുവരെ നേടാനായത് 494 റണ്‍സ്. രണ്ടാം സ്ഥാനത്തുള്ളത് അഭേഷേക് ശര്‍മ, 11 മത്സരങ്ങളില്‍നിന്ന് നേടിയത് 475 റണ്‍സ്. നാലാം സ്ഥാനത്താണ് ഇഷാന്‍ കിഷന്‍. 11 മത്സരങ്ങളില്‍നിന്ന് 409 റണ്‍സ് നേടിയാണ് താരം പട്ടികയില്‍ ഇടംപിടിച്ചത്. ഹൈദരാബാദുകാരല്ലാത്ത രണ്ടുപേരാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തിലിപ്പോള്‍ കൂടെയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെഎല്‍ രാഹുലും രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശിയും. ഈ പട്ടികയില്‍ ആറാം സ്ഥാനത്താണ് മലയാളി താരം സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 402 റണ്‍സാണ് പത്തുമത്സരങ്ങളില്‍നിന്ന് സഞ്ജു സമ്പാദിച്ചത്.പട്ടികയില്‍ ഒന്നാമതാണെങ്കിലും ക്ലാസന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 69 ആണ്. എല്ലാമത്സരങ്ങളിലും ശരാശരി പ്രകടനം തുടരുന്നു എന്നതും സ്ഥിരത പുലര്‍ത്തുന്നു എന്നതുമാണ് ക്ലാസനെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ക്ലാസന്റെ താഴെയുള്ളവരില്‍ പലരും സെഞ്ചുറി കുറിച്ചവരാണ് എന്നകാര്യം കൂടിയുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇന്നിങ്‌സിനിടെ 23 സിക്‌സറുകളും 36 ഫോറുകളും നേടിയിട്ടുണ്ട് താരം. 157.32 ആണ് ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്.പുറത്താകാതെ നേടിയ 135 റണ്‍സാണ് അഭിഷേക് ശര്‍മയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 210.17 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശുന്ന താരം ഇതുവരെ ഒരു സെഞ്ചുറിക്ക് പുറമെ മൂന്ന് അര്‍ധ സെഞ്ചുറികളും നേടി. 36 സിക്‌സറുകളും 43 ഫോറുകളും അദ്ദേഹം പേരിലാക്കിയിട്ടുമുണ്ട്.

പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് ഇഷാന്‍ കിഷന്‍. 91 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. 186.75 സ്‌ട്രൈക്ക് റേറ്റുള്ള താരം ഇതുവരെ നാല് അര്‍ധ സെഞ്ചുറി കരസ്ഥമാക്കി. 22 സിക്‌സറുകളും 41 ഫോറുകളും ഇന്നിങ്‌സിലുണ്ട്. 361 റണ്‍സെടുത്ത ട്രാവിസ് ഹെഡ് പട്ടികയില്‍ 13-ാം സ്ഥാനത്താണ്.ഇങ്ങനെയൊക്കെയാണെങ്കിലും ഓറഞ്ച് ക്യാപിനുള്ള പോരാട്ടം അത്ര സേഫല്ല, ആര്‍ക്കും. മൂന്നാം സ്ഥാനത്തുള്ള കെഎല്‍ രാഹുല്‍ പത്തുമത്സരങ്ങളില്‍ 445 റണ്‍സുമായി പിറകിലുണ്ട്. ഒന്നാം സ്ഥാനത്തേക്കെത്താന്‍ വളരെ കുറച്ചുറണ്‍സ് മതി പിന്നിലുള്ളവരില്‍ പലര്‍ക്കും. വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ഏതുനിമിഷവും ഇതെല്ലാം മറികടന്ന് ഒന്നാമതെത്താന്‍ സാധ്യതയേറെയുള്ള താരങ്ങളാണ്. ഗുജറാത്തിന്റെ സായ് സുദര്‍ശന്‍, മുംബൈയുടെ റയാന്‍ റിക്കള്‍ട്ടന്‍ എന്നിവരും ഫോമിലാണ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടം ഇനിയും കനക്കുമെന്നുറപ്പ്.

content highlights: Hyderabad Battle' for the Orange Cap; Klaasen, Abhishek, and Ishan Kishan in the rankings, while Vaibhav and Sanju pose a threat

To advertise here,contact us