സഞ്ജുവിന് വേണം കോഹ്ലിയുടെ സഹായം; ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം

കരിയറിലെ വളര്‍ച്ചയ്ക്ക് ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിവരും, ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നും മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രണ്ടു സെഞ്ചുറികളുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണിന്റെ കുതിപ്പ്. വിമര്‍ശകരുടെ വായടപ്പിക്കുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ മികച്ച മുന്‍ ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെ സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തുന്നുണ്ട്. ഇതിനിടെയാണ് സഞ്ജുവിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയത്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി സഞ്ജു സാംസണ്‍ വിരാട് കോഹ്‌ലിയുടെ സഹായം തേടണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ക്രിക്കറ്റില്‍ നീണ്ട കരിയറാണ് ലക്ഷ്യമെങ്കില്‍ സഞ്ജു ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നും മാറ്റം കൊണ്ടുവരണമെന്നും മഞ്ജരേക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഈ സീസണില്‍ 10 മത്സരങ്ങളില്‍നിന്ന് 402 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.

'സഞ്ജുവിന് 25 വയസ്സല്ല ഇപ്പോള്‍ പ്രായം. കരിയറിലെ നേട്ടങ്ങള്‍ അദ്ദേഹം വെട്ടിപ്പിടിക്കുന്നത് ഇപ്പോഴാണ്. അതു നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസില്‍ കാര്യമായ മാറ്റങ്ങള്‍ വരണം. സഞ്ജുവിന്റെ ഫിറ്റ്‌നസ് അത്ര മികച്ച നിലയിലല്ല. വിരാട് കോഹ്‌ലിയുടെ നീണ്ട കരിയര്‍ നിങ്ങള്‍ക്കു മുമ്പില്‍ ഉദാഹരണമായുണ്ട്. അദ്ദേഹം ഫിറ്റ്‌നസിന് അത്രയേറെ പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത്. കോഹ്ലിക്ക് ഒരുപാടു കഴിവുകളുണ്ട്. പക്ഷേ സ്വന്തം ശരീരം കാരണം മോശം പ്രകടനമുണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. അതു നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഓപ്പണിങ് ബാറ്റര്‍ എന്നതിനു പുറമേ, ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിന് ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെയിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കിലുമാണ് സഞ്ജു സെഞ്ചുറി നേടിയിരുന്നത്. കഴിഞ്ഞദിവസം ദില്ലിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ചുറിയോളം പോന്നൊരു പ്രകടനവുമുണ്ടായി. ചെന്നൈയുടെ ജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരം കൂടിയാണ് സഞ്ജു സാംസണ്‍.

content highlights: Sanju needs Kohli's help; Former Indian star offers advice

To advertise here,contact us