കൂപ്പര്‍ കോണലിയുടെ സെഞ്ചുറിക്കുമായില്ല, പഞ്ചാബിനെ രക്ഷപ്പെടുത്താന്‍; ഇതെന്തുപറ്റി?

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയറിഞ്ഞ് പഞ്ചാബ് കിങ്‌സ്, സീസണ്‍ തുടക്കത്തിലെ മുന്നേറ്റം തുടരാനാകാതെ പഞ്ചാബ് സംഘം, നിരാശ തുടരുന്നു

മാര്‍ച്ച് 31ന് തുടങ്ങിയ തേരോട്ടമായിരുന്നു പഞ്ചാബിന്റേത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയോട് ഫൈനലില്‍ ആറുറണ്‍സിന് മാത്രം തോറ്റ പഞ്ചാബ് കിങ്‌സ്, തോല്‍വിയറിയാതെ ഇത്തവണ കിരീടവുമായേ മടങ്ങൂവെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കരുതിയത്. അങ്ങനെയായിരുന്നു ഓരോ മത്സരത്തിലും പഞ്ചാബ് കിങ്‌സിന്റെ പ്രകടനം. പക്ഷെ, അവസാന ലാപ്പിലേക്കെത്തുമ്പോള്‍ വിയര്‍ക്കുകയാണ് പഞ്ചാബ് സംഘം. സീസണിലെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നുവിക്കറ്റിന് തോല്‍പ്പിച്ച പഞ്ചാബ് തൊട്ടടുത്ത മത്സരത്തില്‍ തോല്‍പ്പിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ. അഞ്ചുവിക്കറ്റിന്റെ ജയമായിരുന്നു അത്. മൂന്നാം മത്സരം മഴയില്‍ കുതിര്‍ന്നതോടെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ഉപേക്ഷിച്ചു. ഒരോ പോയിന്റ് വീതം ഇരുവര്‍ക്കും കിട്ടി. പിന്നീടെത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവരെയും തോല്‍പ്പിച്ചു ആറുവിക്കറ്റിന്. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും വീഴ്ത്തി പഞ്ചാബ് ജയ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീടെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനെയുമെല്ലാം തകര്‍ത്തുവിട്ട പഞ്ചാബിന് പിന്നീടങ്ങോട്ട് ശനിദശ തുടങ്ങി. രാജസ്ഥാന്‍ റോയല്‍സിനോട് ആറുവിക്കറ്റിന് തോറ്റ ടീം തൊട്ടടുത്ത മത്സരത്തില്‍ ഗുജറാത്തിനോടും അടിയറവ് പറഞ്ഞു. കഴിഞ്ഞദിവസം ഹൈദരാബാദിനോടും തോറ്റു, 33 റണ്‍സിന്.

കഴിഞ്ഞ മത്സരം മാത്രം എടുത്തുനോക്കിയാല്‍ മതി. ഇപ്പോഴത്തെ ടീമിന്റെ ദുര്‍ബലാവസ്ഥ മനസ്സിലാക്കാന്‍. പ്രിയാന്‍ഷ് ആര്യ ഒരു റണ്‍സ് മാത്രമാണ് എടുത്തത്. പ്രഭ്‌സിമ്രാന്‍ സിങ്ങും മൂന്നുറണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ അഞ്ചുറണ്‍സ് മാത്രം. ശശാങ്ക് സിങ്ങും നാലുറണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍, മാര്‍ക്കസ് സ്‌റ്റോയിനിസും സുര്യന്‍ഷ് ഷെഡ്‌ഗെയും രണ്ടക്കം പിന്നിട്ടു എന്നതാണ് ആശ്വാസം. സ്റ്റോയിനിസ് 28 റണ്‍സെടത്താണ് മടങ്ങിയത്. ഷെഡ്‌ഗെ 25 റണ്‍സ് ടീമിന് സംഭാവന നല്‍കി. ഇവിടെ ഒറ്റയാള്‍പ്പോരാട്ടം നടത്തിയത് കൂപ്പര്‍ കോണലി മാത്രമാണ്. 59 പന്ത് നേരിട്ട കോണലി എട്ടുസിക്‌സറുകളും ഏഴുഫോറുകളുമായി 107 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ, പുറത്താകാതെ 72 റണ്‍സും ലഖ്‌നൗവിനെതിരെ 87 റണ്‍സെടുത്തതുമെല്ലാം മികച്ച പോരാട്ടങ്ങളായിരുന്നു. ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് പോരാടാന്‍ ഒരാള്‍ക്കൂടി ഉണ്ടായിരുന്നെങ്കില്‍ മത്സരത്തിന്റെ ചിത്രം മാറുമായിരുന്നു. ബൗളര്‍മാരും നിരാശപ്പെടുത്തുകയാണ് എന്നതാണ് പഞ്ചാബിന്റെ ആധി. മാര്‍ക്കോ യാന്‍സന്‍ നാലോവറില്‍ ഇന്നലെ വഴങ്ങിയത് 61 റണ്‍സ്. വിജയകുമാര്‍ വൈശാഖും വഴങ്ങി നാലോവറില്‍ 54 റണ്‍സ്. അര്‍ഷ്ദീപ് സിങ്ങിന്റെയും ലോക്കി ഫെര്‍ഗൂസന്റെയും ഓവറുകളിലും റണ്‍സ് പിറന്നു. ചാഹല്‍ മാത്രമാണ് ഇന്നലെ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്.

ഗുജറാത്തിനെതിരായ മത്സരത്തില്‍ കൂപ്പര്‍ കോണലി റണ്‍സെടുക്കാതെയാണ് മടങ്ങിയിരുന്നത്. അന്നും ഓപ്പണിങ് നിര നിരാശപ്പെടുത്തി. ഓപ്പണിങ് സംഘത്തില്‍നിന്ന് മികച്ച കൂട്ടുകെട്ട് പിറക്കാത്തത് പഞ്ചാബിന് കടുത്ത തലവേദനയാകുകയാണ്. പ്രിയാന്‍ഷ് ആര്യയിലും പ്രഭ്‌സിമ്രാന്‍ സിങ്ങിലും പ്രതീക്ഷയര്‍പ്പിക്കുന്ന പഞ്ചാബ് നിരാശയിലേക്ക് വീഴുകയാണ്. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ തുടര്‍ന്നിരുന്ന ഫോം നഷ്ടമാകുന്നുണ്ട് എന്നതാണ് ടീമിന് തിരിച്ചടിയാകുന്നത്. ശ്രേയസ് അയ്യരും ഫോമിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകത കൂടി ടീമിന്റെ തോല്‍വി വിളിച്ചുപറയുന്നു. ബൗളിങ് സംഘവും കൂടി നന്നായി പണിയെടുത്താല്‍ മാത്രമേ ഇനി പഞ്ചാബിന് രക്ഷയുണ്ടാകൂ.

content highlights: Cooper Connolly's century goes in vain; couldn't save Punjab. What happened here?

To advertise here,contact us