ഐപിഎല്‍ വേദിമാറ്റത്തില്‍ പുകഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ്; ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് കര്‍ണാടക

കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനല്‍ വേദി മാറ്റവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ച. അഹമ്മദാബാദിലേക്ക് വേദിമാറ്റിയത് സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വിനയ് മൃതുഞ്ജയ പറഞ്ഞു. 2026 ഐപിഎല്‍ ഫൈനലിന് ആദ്യം വേദിയകാന്‍ ഉറപ്പിച്ചിരുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തെയാണ്. എന്നാല്‍ കഴിഞ്ഞദിവസമാണ് ഇതില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ ബിസിസിഐ അഹമ്മദാബാദിനെ ഫൈനല്‍ വേദിയായി പ്രഖ്യാപിച്ചത്. ഇതുനാലാം വട്ടമാണ് അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്.

എന്തുകൊണ്ടാണ് ബെംഗളൂരുവില്‍ ഫൈനല്‍ നടക്കാത്തത് എന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വിനയ് മൃതുഞ്ജയ പറഞ്ഞു. ബിസിസിഐയുടെ തീരുമാനമാണിതെന്നും സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒന്നുംചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ആര്‍സിബി കിരീടം നേടിയ ശേഷം ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചിരുന്നു. ഇത് സുരക്ഷാ പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പ്രത്യേക സുരക്ഷയൊരുക്കിയാണ് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ ബെംഗളൂരുവില്‍ നടക്കാറുള്ളത്. ഇതിനിടെ എംഎഎല്‍മാരുടെ ടിക്കറ്റ് വിവാദവും ബിസിസിഐയെ അതൃപ്തിയിലാക്കിയെന്നാണ് വിവരം. എംഎല്‍എമാര്‍ക്ക് സൗജന്യ പാസ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും ഉറപ്പുനല്‍കിയിരുന്നു. ഒരു എംഎല്‍എക്ക് മൂന്നുടിക്കറ്റ് വീതം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതെല്ലാം ബിസിസിഐയെ മാറ്റിച്ചിന്തിപ്പിക്കാനിടയാക്കിയെന്നാണ് സൂചന. നിലവിലെ ജേതാക്കളായ ആര്‍സിബി ഈ സീസണിലും കിരീടപ്പോരാട്ടത്തില്‍ മുന്നിലുണ്ട്. വേദിമാറ്റം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആരാധകര്‍ക്ക് വലിയ നിരാശയായി. വേദിമാറ്റത്തിലെ രാഷ്ട്രീയപ്പോരിനെ വിമര്‍ശിക്കുന്നുമുണ്ട് ആരാധകര്‍.

മേയ് 26-ന് ഒന്നാം ക്വാളിഫയര്‍ ധര്‍മശാലയില്‍ നടക്കും. എലിമിനേറ്റര്‍ മത്സരം മേയ് 27ന് ന്യൂ ചണ്ഡീഗഡിലാണ് നടക്കുക. രണ്ടാം ക്വാളിഫയറും ന്യൂ ചണ്ഡീഗഡില്‍ അരങ്ങേറും. മേയ് 31-നാണ് അഹമ്മദാബാദിലെ ഫൈനല്‍ മത്സരം.

content highlights: IPL venue shift; Karnataka claims no official notification received

To advertise here,contact us