ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 2026 എഡിഷന് കലാശപ്പോരിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. മേയ് 31-നാണ് ഫൈനല്‍. ഇത് നാലാംതവണയാണ് ഐപിഎല്‍ ഫൈനലിന് അഹമ്മദാബാദ് വേദിയാകുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനലിന് ആതിഥേയത്വം വഹിച്ച സ്റ്റേഡിയമെന്ന റെക്കോഡും അഹമ്മദാബാദിന് സ്വന്തമാകും. 2022, 2023, 2025, 2026 വര്‍ഷങ്ങളിലായാണ് അഹമ്മദാബാദ് ഐപിഎല്‍ ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.
നിലവിലെ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തം തിരിച്ചടിയായി. നഗരത്തിന് സുരക്ഷയില്ല എന്ന പേരും തിരിച്ചടിയാണ്. ഇതോടൊപ്പം എംഎല്‍എമാര്‍ക്കുള്ള ടിക്കറ്റ് വിവാദവും തിരിച്ചടിയായി. കര്‍ണാടകയിലെ ഓരോ എംഎഎല്മാര്ക്കും അഞ്ചുവീതം ടിക്കറ്റുകള്‍ നല്‍കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദിന്റെ നിര്‍ദേശമാണ് വലിയ വിവാദത്തിനിടയാക്കിയത്. എംഎല്‍എമാര്‍ വരിയില്നില്ക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. പലരും ഇതിനെ പിന്തുണച്ചെത്തി. ഇതേത്തുടര്‍ന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ആര്‍സിബിയുടെ മത്സരങ്ങള്‍ക്കായി മൂന്നു ടിക്കറ്റുകള്‍ വീതം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് പക്ഷെ ബിസിസിഐ ഉള്‍പ്പടെ എതിര്‍ത്തിരുന്നു. സുരക്ഷാപ്രശ്നമുള്ള നഗരത്തിലേക്ക് പുതിയ രാഷ്ട്രീയപ്പോര് കൂടിയെത്തിയത് ഫൈനല്‍ വേദി മാറാനിടയാക്കി.
മേയ് 26-ന് ഒന്നാം ക്വാളിഫയര്‍ ധര്‍മശാലയില്‍ നടക്കും. എലിമിനേറ്റര്‍ മത്സരം മേയ് 27ന് ന്യൂ ചണ്ഡീഗഡിലാണ് നടക്കുക. രണ്ടാം ക്വാളിഫയറും ന്യൂ ചണ്ഡീഗഡില്‍ അരങ്ങേറും. മേയ് 31-നാണ് അഹമ്മദാബാദിലെ ഫൈനല്‍ മത്സരം.
content highlights: IPL Grand Final in Ahmedabad; playoff matches in Dharamshala and New Chandigarh