ഐപിഎല്‍ 2026ല്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ എട്ട് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്.
പരിക്ക് മൂലം കഴിഞ്ഞ ഒരുപാട് മത്സരങ്ങൾ നഷ്ടമായ രോഹിത് ശർമയുടെ വെടിക്കെട്ട് പ്രകടനമാണ് എം ഐ യെ വിജയത്തിലേക്ക് നയിച്ചത്.
44 പന്തിൽ ഏഴ് സിക്സറും ആറ് ഫോറുകളും അടക്കം 84 റൺസാണ് ഹിറ്റ്മാൻ നേടിയത്. ഇപ്പോഴിതാ പരിശീലനത്തിനിടെ തന്റെ ഒരു ഷോട്ടില്‍ പരിക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ ഓടിയെത്തിയ രോഹിത്തിന്റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത്, ടീമിന്റെ ഓപ്ഷണല്‍ പരിശീലന സെഷനിലാണ് പങ്കെടുക്കാനെത്തിയത്.
പരിശീലനത്തിനിടെ രോഹിത് അടിച്ച പന്ത് ഗ്രൗണ്ട് സ്റ്റാഫായ സിബന് ബിശ്വാസിന്റെ ഇടതുകാലില്‍ കൊള്ളുകയായിരുന്നു. പരിക്കേറ്റ ഉടനെ ബാറ്റിംഗ് നിര്‍ത്തിവെച്ച് രോഹിത് അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി.
സംഭവത്തെക്കുറിച്ച് സിബന് ബിശ്വാസ് പറയുന്നത് ഇങ്ങനെ… 'നെറ്റ് മാറ്റുന്നതിനിടെ ശ്രദ്ധിക്കാതെ നിന്നപ്പോഴാണ് പന്ത് എന്റെ മുട്ടില്‍ വന്നടിച്ചത്. രോഹിത് സര് ഉടനെ അടുത്തുവന്ന് പരിക്കിനെക്കുറിച്ച് ചോദിച്ചു. ബാറ്റിംഗ് തുടരാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം തിരികെപ്പോയി ഐസ് പാക്കുമായി വരികയും മരുന്നും സ്പ്രേയും നല്കാന് ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു.' ബിശ്വാസ് പറഞ്ഞു.
content highlights: rohit sharma helps ground staff hit by his shot fans applaud hitman