'അഹങ്കാരം മാറ്റിവെച്ച് യാഥാർഥ്യം ഉൾകൊള്ളൂ'; ഹർദിക്കിനെതിരെ വിമർശനവുമായി അമ്പാട്ടി റായുഡു

മുംബൈയുടെ ഈ തകര്‍ച്ചയ്‌ക്കൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ ചര്‍ച്ചയാകുകയാണ്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മിന്നും ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യത ചെറിയ രീതിയിൽ സജീവമാക്കിയിരിക്കുകയാണ്. ഇന്നലെ എട്ട് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്.

പരിക്ക് മൂലം കഴിഞ്ഞ ഒരുപാട് മത്സരങ്ങൾ നഷ്ടമായ രോഹിത് ശർമയുടെ വെടിക്കെട്ട്‌ പ്രകടനമാണ് എം ഐ യെ വിജയത്തിലേക്ക് നയിച്ചത്. നിലവിൽ10 കളികളിൽ നിന്ന് വെറും ആറ് പോയിന്റുകൾ മാത്രമാണ് മുംബൈക്കുള്ളത്. മൂന്ന് ജയങ്ങളും ഏഴ് തോൽവികളും. നെറ്റ് റൺ റേറ്റ് -0.649. പോയിന്റ് ടേബിളിലെ സ്ഥാനം ഒമ്പത്.

മുംബൈയുടെ ഈ തകര്‍ച്ചയ്‌ക്കൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ ചര്‍ച്ചയാകുകയാണ്. ഇന്നലെ ലഖ്‌നൗവിനെതിരെ താരം കളിച്ചിരുന്നില്ല.അതിന് മുമ്പ് ചെന്നൈക്കെതിരെ 23 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന്റെ സമീപനത്തെ വിമര്‍ശിച്ച് മുന്‍ മുംബൈ താരം അമ്പാട്ടി റായുഡു രംഗത്തെത്തി. താന്‍ ഫോമിലല്ലെന്ന കാര്യം ഹാര്‍ദിക് ആദ്യം സമ്മതിക്കണമെന്ന് റായുഡു പറഞ്ഞു.

'ഏതൊരു ബാറ്ററുടെയും കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ താന്‍ ഫോമിലല്ല എന്ന് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും വേണം. അനാവശ്യമായ അഹങ്കാരം കാണിക്കാതെ, സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്മാര്‍ട്ടായി ബാറ്റ് ചെയ്യാനുമാണ് ഹാര്‍ദിക് ശ്രമിക്കേണ്ടത്.' റായുഡു പറഞ്ഞു.

ഓഫ് സൈഡിലെ പന്തുകള്‍ നേരിടുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടുവെന്ന് റായുഡു ചൂണ്ടിക്കാട്ടി. പന്തിന്റെ വേഗത ഉപയോഗപ്പെടുത്തി തേര്‍ഡ് മാനിലൂടെയോ പോയിന്റിലൂടെയോ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ലെഗ് സൈഡിലേക്ക് മാത്രം പന്ത് അടിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് അദ്ദേഹം വിലയിരുത്തി.

content highlights:ambati rayudu criticizes hardik pandya ipl 2026 mumbai indians captaincy

To advertise here,contact us