വൈഭവ് സൂര്യവംശിയുടെ പ്രകടനം മാത്രമല്ല, ചര്‍ച്ചയാകുന്നതില്‍ താരത്തിന്റെ അണ്പ്രഫഷണലിസവുമുണ്ട്. മികച്ച പ്രകടനം നടത്തി വൈഭവ് മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അണ്‍പ്രഫഷണല്‍ ജീവിതരീതിയെ തുറന്നുകാട്ടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ രംഗത്തെത്തിയിരുന്നത്. ഒരു ക്രിക്കറ്റ് താരത്തിനുണ്ടാകേണ്ട അച്ചടക്കം വൈഭവിന്റെ ജീവിത രീതിയില്‍ ഇല്ലെന്നായിരുന്നു ജിതേഷ് ശര്‍മ പറഞ്ഞിരുന്നത്. എന്നാല്‍, തന്റെ വാക്കുകള്‍ വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജിതേഷ്.
ലോകം ചര്‍ച്ച ചെയ്യുന്ന ക്രിക്കറ്ററാണെങ്കിലും ഒരു 15 വയസ്സുകാരനുള്ള എല്ലാ സ്വഭാവങ്ങളും വൈഭവിനുണ്ടെന്ന് ജിതേഷ് ശര്‍മ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ജിതേഷും വൈഭവ് സൂര്യവംശിയും അടുത്ത സുഹൃത്തുക്കളാണ്.'ഏതു യുവതാരമാണ് ഇന്ത്യയുടെ താരമാകുക എന്നാണ് എബി ഡിവില്ലിയേഴ്സ് എന്നോടു ചോദിച്ചത്. ഞാന്‍ വൈഭവിന്റെ പേരു പറഞ്ഞു. വൈഭവിന്റെ കഠിനാധ്വാനം എനിക്കറിയാം. ഗ്രൗണ്ടില്‍ പ്രഫഷണലായി കളിക്കുന്ന വൈഭവ് മൂന്നു ഫോര്‍മാറ്റിലും തിളങ്ങും. പക്ഷെ ശരിക്കും അദ്ദേഹം അത്ര പ്രഫഷണല്‍ അല്ല. എന്നാണു ഞാന്‍ പറഞ്ഞത്.'- ജിതേഷ് പറഞ്ഞു. 'ഐസ് ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന 15 വയസ്സുള്ള കുട്ടിയാണ് വൈഭവ്. അദ്ദേഹം എന്റെ മുറിയില്‍ വന്ന് ഐസ്ക്രീം കഴിക്കാറുണ്ടെന്നും ജിതേഷ് പറഞ്ഞു. ഞാന്‍ പക്ഷേ കഴിക്കാറില്ല. സ്വാഭാവികമായി ഒരുകുട്ടി ഐസ്ക്രീം ഉള്‍പ്പടെ കഴിക്കുമല്ലോയെന്നും ജിതേഷ് ചോദിച്ചു. അവന് എന്റെ വീട്ടില്‍ വരും, ഭാര്യയുമായി സംസാരിക്കും. യുട്യൂബില്‍ വീഡിയോകള്‍ കാണും. വൈഭവ് എന്റെ സഹോദരനെപ്പോലെയാണ്. ആളുകള്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ഐപിഎല്‍ കളിക്കുന്നതിനാല്‍ വൈഭവില്നിന്ന് പ്രഫഷണലിസം പ്രതീക്ഷിക്കും. അതു സത്യമാണ്. പക്ഷേ അവൻ ഇപ്പോഴും 15 വയസ്സുള്ള കുട്ടിയാണ്. ടിവി കാണാനും ഇഷ്ടമുള്ളത് കഴിക്കാനും ഒക്കെ ഞാന്‍ അവനെ പ്രോത്സാഹിപ്പിക്കാറുണ്ട്. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനും പറയും. അവന് അതില്‍ സന്തോഷവാനാണ്.'- ജിതേഷ് ശര്‍മ വിശദീകരിച്ചു.
ജിതേഷ് ശര്‍മയുടെ നേരത്തെയുള്ള പ്രസ്താവന വലിയ വിവാദമാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ ഉണ്ടാക്കിയത്. ജിതേഷ് ശര്‍മയുടെ വിശദീകരണവും ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
content highlights: Vaibhav is a 15-year-old kid who loves eating ice cream; Jitesh Sharma clarifies