2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ദയനീയ പ്രകടനം തുടരുകയാണ് അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ്. ആ പ്രകടനത്തിന് പിന്നാലെ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് - മുംബൈ ഇന്ത്യൻസ് പോരിൽ രണ്ടാം തവണയും സിഎസ്കെയോട് മുംബൈ തോൽവി വഴങ്ങിയിരുന്നു. ഈ പാരാജയത്തിന് പിന്നാലെ 'ഇത് ഞങ്ങൾ മറക്കേണ്ട സീസൺ ആണെന്ന് മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യ തുറന്നുസമ്മതിച്ചു.
'ഇത് ഒരു ദിവസത്തെ മാത്രം പ്രശ്നമല്ല, ഈ സീസണ് തന്നെ ഞങ്ങള്‍ക്ക് അനുകൂലമല്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ചെന്നൈ ഞങ്ങളേക്കാള്‍ മികച്ചുനിന്നു. ആദ്യ 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ മുംബൈ 180 - 190 റണ്‍സ് നേടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിനുശേഷം ആ വേഗത നിലനിര്‍ത്താന്‍ ടീമിന് സാധിച്ചില്ല. ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാഞ്ഞതും ഞങ്ങൾക്ക് തിരിച്ചടിയായി. പിച്ചിന്റെ പ്രത്യേകത അനുസരിച്ച് തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കുന്നത് എളുപ്പവുമായിരുന്നില്ല;, മത്സരശേഷം ഹാര്‍ദിക് തുറന്നുപറഞ്ഞു.
'മോശം പന്തുകളെ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിച്ചും, അനാവശ്യ റിസ്ക്കുകള്‍ ഒഴിവാക്കിയും ചെന്നൈ കളിച്ച രീതിയെ പ്രശംസിക്കണം. ചെന്നൈയുടെ താരങ്ങള്‍ ബുദ്ധിപരമായി ക്രിക്കറ്റ് കളിച്ചപ്പോള്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അവരെ പുറത്താക്കാന്‍ ആവശ്യമായ പന്തുകള്‍ എറിയാന്‍ സാധിച്ചില്ല', ചെന്നൈ ബാറ്റര്‍മാരുടെ പ്രകടനം ഹർദിക് എടുത്തുപറഞ്ഞു. ചെന്നൈയുടെ ചിട്ടയായ പ്രകടനത്തിന് മുന്നില്‍ മുംബൈയ്ക്ക് തന്ത്രങ്ങള്‍ മെനയുന്നതിലും അത് നടപ്പിലാക്കുന്നതിലും പിഴവ് പറ്റിയെന്നും ഹാര്‍ദിക് കൂട്ടിചേര്‍ത്തു.
160 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തകാതെ 48 പന്തില്‍ 67 റൺസ് നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. യുവതാരം കാര്‍ത്തിക് പുറത്തകാതെ 40 പന്തില്‍ നിന്ന് 50 റൺസ് നേടി തന്റെ ഐപിഎല്ലിലെ കന്നി അര്‍ദ്ധസെഞ്ചുറി നേടിയും തിളങ്ങി. ചെന്നൈ നിരയില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായും കാര്‍ത്തിക് മാറി. എട്ട് വിക്കറ്റിനായിരുന്നു മുംബൈക്കെതിരായ ചെന്നൈയുടെ ജയം. ഈ തോല്‍വിയോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ച മട്ടാണ്.
Content highlight: MI captain hardik Pandya admits tactical mistake against CSK