'അവനൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്'; ഹർദിക് പാണ്ഡ്യയെ പരിഹസിച്ച് കെ ശ്രീകാന്ത്

ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറാം നമ്പറിലിറങ്ങിയ ഹാര്‍ദിക്കിന് 23 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമാണ് നേടിയത്

ഇന്നലെ നടന്ന ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് ഇന്ത്യന്‍ മുൻ താരം കെ ശ്രീകാന്ത്. ഹാര്‍ദിക്കിനെ 'പ്ലാസ്റ്റിക് ക്യാപ്റ്റന്‍' എന്ന് കുറ്റപ്പെടുത്തിയ ശ്രീകാന്ത്, മത്സരത്തില്‍ താരത്തിന്റെ ബാറ്റിംഗ് സമീപനത്തെയും രൂക്ഷമായി തന്നെ വിമർശിച്ചു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറാം നമ്പറിലിറങ്ങിയ ഹാര്‍ദിക്കിന് 23 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമാണ് നേടിയത്. താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത് വെറും രണ്ട് ഫോറുകള്‍ മാത്രം.

'ഈ കണക്കുകള്‍ നോക്കൂ, 23 പന്തില്‍ നിന്ന് 18 റണ്‍സ്! ഇതൊക്കെ എന്ത് ബാറ്റിംഗാണ്? അവനൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. എന്തായിരുന്നു ഹർദിക് പാണ്ഡ്യയുടെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ശരിയായ കണക്കുകൂട്ടലുകളോ ഗെയിം അവബോധമോ ഇല്ലാതെയാണ് അദ്ദേഹം കളിക്കുന്നത്', താരത്തെ വിമർശിച്ചുകൊണ്ട് ശ്രീകാന്ത് തുറന്നടിച്ചു.

ചെന്നൈക്കെതിരെ തിലക് വര്‍മ്മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് തന്റെ ഇന്നിംഗ്സില്‍ 10 ഡോട്ട് ബോളുകളാണ് കളിച്ചത്. ഒരു ഘട്ടത്തില്‍ 12.5 ഓവറില്‍ 104 - 4 എന്ന നിലയിലായിരുന്ന മുംബൈ, ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് കാരണം 159 റണ്‍സില്‍ ഒതുങ്ങിപ്പോയി.

കൂടാതെ മത്സരത്തിന്റെ മധ്യ ഓവറുകളിലെ മുംബൈയുടെ റണ്‍ റേറ്റ് കുത്തനെ ഇടിഞ്ഞതും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഹാര്‍ദിക്കിനെ എങ്ങനെ പിടിച്ചുകെട്ടണമെന്ന് മറ്റ് ടീമുകൾക്ക് ഇപ്പോൾ നന്നായി ധാരണയുണ്ടെന്നും അവര്‍ അദ്ദേഹത്തിന്റെ ശരീരത്തെ ലക്ഷ്യമാക്കി പന്തെറിയുന്നത് തുടരുമെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. മെയ് നാലിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

Content highlight: K Srikanth slams Hardik Pandya plastic captain

To advertise here,contact us