ഈ വർഷം ജൂൺ പന്ത്രണ്ടിന് ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ ടീമിനെ നയിക്കുക ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദനയും. ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, പരിക്കേറ്റതോടെ അമൻജോത് കൗറിന് ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാനായില്ല.
ബാറ്റർ ഹർലീൻ ഡിയോളിനും സ്പിൻ ഓൾറൗണ്ടറായ സ്നേഹ റാണയ്ക്കും ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. ഒപ്പം മലയാളി താരങ്ങൾക്കും ടീമിൽ ഇടമില്ല. ഭാരതി ഫുൽമാലി പരുക്കേറ്റ അമൻജോത് കൗറിന് പകരക്കാരിയായി മധ്യനിരയിലേക്ക് എത്തും. 2026ലെ വനിതാ പ്രീമിയർ ലീഗിലെ (WPL) മികച്ച പ്രകടനമാണ് ഭാരതിക്ക് ലോകകപ്പിലേക്കുള്ള വഴി തെളിച്ചത്. ഭാരതിക്ക് പുറമെ വനിതാ പ്രീമിയർ ലീഗിൽ പത്ത് മത്സരങ്ങളിൽ നിന്നായി പതിനേഴ് വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ നന്ദിനി ശർമയും ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിച്ചു.
ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, രാധ യാദവ് എന്നിവരാണ് ടീമിലെ സ്പിൻ നിര. ഓൾ റൗണ്ടർ ഓപ്ഷനായി രാധ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പരിചയസമ്പന്നയായ രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, നന്ദനി എന്നിവരടങ്ങുന്നതാണ് ടീമിലെ പേസർമാർ. ഇംഗ്ലണ്ടിലും വെയിൽസിലുമായി ജൂൺ 14നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. പാകിസ്താൻ വനിതകൾക്കെതിരെ ജൂൺ 14നാണ് ഇന്ത്യയുടെ ടൂർണമെറ്റിലെ ആദ്യ മത്സരം.
ഇന്ത്യൻ സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ശ്രീ ചരണി, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), നന്ദനി ശർമ, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്.
Content highlight: Women's t20 WC Indian squad