ഇത്ര കലിപ്പ് വേണ്ട!; വൈഭവിന്റെ വിക്കറ്റിൽ അമിതാഘോഷം നടത്തിയ ജാമിസണ് BCCI യുടെ ശിക്ഷ

ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെയ്ല്‍ ജാമിസണ് ഐപിഎല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കിയതിന് ശേഷമുള്ള പ്രകോപനപരമായ പെരുമാറ്റത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെയ്ല്‍ ജാമിസണ് ഐപിഎല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാമിസന്റെ പേരില്‍ ഒരു ഡെമെറിറ്റ് പോയിന്റും രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ജാമിസണെ ബൗണ്ടറി കടത്തി പതിനഞ്ചുകാരനായ സൂര്യവന്‍ഷിയെ ഭയമില്ലാതെ ബാറ്റ് വീശി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മനോഹരമായ ഒരു യോര്‍ക്കറിലൂടെ ജാമിസണ്‍ സൂര്യവന്‍ഷിയുടെ വിക്കറ്റ് തെറിപ്പിച്ചു. വിക്കറ്റ് നേടിയ ആവേശത്തില്‍ ജാമിസണ്‍ സൂര്യവന്‍ഷിയെ തുറിച്ചുനോക്കുകയും പ്രകോപനപരമായ രീതിയില്‍ താരത്തിന്റെ അരികിലേക്ക് നീങ്ങുകയും ചെയ്തു.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതായി കണ്ടെത്തിയ ജാമിസണ്‍ തന്റെ തെറ്റ് സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു.

31 വയസ്സുകാരനായ ജാമിസണ്‍, വെറും 15 വയസ്സുള്ള ഒരു കൗമാരക്കാരനോട് ഇത്രയും രൂക്ഷമായി പെരുമാറിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതൊരു സാധാരണ 15 കാരനല്ലെന്നും അങ്ങനെ ഭയരഹിതമായി കളിക്കുന്ന ഒരു ബാറ്ററെ ഞാൻ കണ്ടില്ലെന്നും അങ്ങനെയൊരു ഒരാളുടെ വിക്കറ്റ് വീഴ്ത്തുന്നത് ബഹുമതിയായാണ് കാണുന്നതെന്നുമാണ് ജാമിസൺ പറഞ്ഞത്.

അതേ സമയം തുടർച്ചയായ രണ്ടാം സീസണിലും മിന്നും പ്രകടനം കാഴ്ച വെക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. നിലവിൽ പത്ത് മത്സരങ്ങളിൽ നിന്ന് 404 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ നാലാമതുണ്ട് താരം.

Content highlights:kyle jamieson fined for celebration against vaibhav suryavanshi ipl 2026 news

To advertise here,contact us